ബുംറ മികച്ച രീതിയില്‍ നയിച്ചു, പിന്നാലെ തുടര്‍പരാജയങ്ങളുടെ അകമ്പടിയോടെ അവനെത്തി; രോഹിത്തിനെതിരെ മുന്‍ സെലക്ടര്‍
Sports News
ബുംറ മികച്ച രീതിയില്‍ നയിച്ചു, പിന്നാലെ തുടര്‍പരാജയങ്ങളുടെ അകമ്പടിയോടെ അവനെത്തി; രോഹിത്തിനെതിരെ മുന്‍ സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th December 2024, 2:38 pm

മോശം പ്രകടനം തുടര്‍ക്കഥയാക്കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ സെല്ക്ടര്‍ എം.എസ്.കെ. പ്രസാദ്. നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിലും റണ്‍സ് നേടാന്‍ പാടുപെട്ടതോടെയാണ് പ്രസാദ് രോഹിത് ശര്‍മയ്‌ക്കെതിരെ രംഗത്തെത്തിയത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലെ തോല്‍വിയെ കുറിച്ചും ഇത്തരമൊരു പരാജയം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും ഇതിനോടകം തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. ഈ പരമ്പരയ്ക്ക് മുമ്പ് ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര നമുക്കുണ്ടായിരുന്നു. അതില്‍ നമ്മള്‍ പരാജയപ്പെട്ടു.

പരിതാപകരമായിരുന്നു നമ്മുടെ അവസ്ഥ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. ഇതിലാകട്ടെ രോഹിത് ശര്‍മ പാടെ നിരാശപ്പെടുത്തുകയും ചെയ്തു.

ആ പരമ്പരയില്‍ രോഹിത് ശര്‍മയ്ക്ക് കാര്യമായ റണ്‍സൊന്നും തന്നെ നേടാന്‍ സാധിച്ചിരുന്നില്ല. ഇവിടെയാകട്ടെ (ഓസ്‌ട്രേലിയ) അവന്‍ ആദ്യ മത്സരം കളിച്ചതുമില്ല. ബുംറ ആ മത്സരത്തില്‍ മികച്ച രീതിയിലാണ് ഇന്ത്യയെ നയിച്ചത്. ശേഷം തുടര്‍ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ രോഹിത് ശര്‍മയെത്തി,’ പ്രസാദ് പറഞ്ഞു.

‘എനിക്ക് തോന്നുന്നത് രോഹിത്തിന്റെ ഈ തിരിച്ചുവരവ് ടീമില്‍ കാര്യമായ സ്വാധീനം ചെലുത്തി എന്നാണ്. ഇത്തരം ഫോമില്‍ നിന്നും ക്യാപ്റ്റന്‍ വരുമ്പോള്‍ അത് ടീമിനെയും ബാധിക്കും. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് അവന്‍ വരുന്നത്. ഇത് അവന്‍ നയിച്ച രീതിയില്‍ പ്രകടമായി തന്നെ കാണാന്‍ സാധിച്ചു. മിക്കപ്പോഴും അവന്‍ ഒട്ടും സജീവമായിരുന്നില്ല.

ഈ ടെസ്റ്റ് തന്നെ പരിശോധിക്കുകയാണെങ്കില്‍, സാം കോണ്‍സ്റ്റസ് തകര്‍ത്തടിക്കുമ്പോള്‍ 11 ഓവറുകളാണ് സിറാജിനും ബുംറയ്ക്കുമായി നല്‍കിയത്. ഇതാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍സിയില്‍ അവന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്,’ പ്രസാദ് പറഞ്ഞു.

പരമ്പരയില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത്തിന്റെ പരാജയമാണ് ആരാധകര്‍ കാണുന്നത്. ക്യാപ്റ്റനായി മടങ്ങിയെത്തിയ പരമ്പരയിലെ രണ്ടാം മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി വെറും ഒമ്പത് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചത്. ബ്രിസ്‌ബെയ്‌നില്‍ അത് പത്താക്കി മാറ്റാന്‍ രോഹിത്തിനായി.

നാച്ചുറല്‍ പൊസിഷനായ ഓപ്പണിങ്ങില്‍ നിന്നും മാറി മിഡില്‍ ഓര്‍ഡറിലേക്ക് സ്ഥാനം മാറിയതാണ് രോഹിത്തിന്റെ മോശം ബാറ്റിങ്ങിന് കാരണമെന്ന ആരാധകരുടെ വിശ്വാസം തെറ്റിച്ചുകൊണ്ട് ഓപ്പണിങ്ങിലും രോഹിത് ശര്‍മ സമ്പൂര്‍ണ പരാജയമായി മാറി. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ അഞ്ച് പന്തില്‍ നിന്നും വെറും മൂന്ന് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്.

 

Content Highlight: Former Chief selector MSK Prasad slams Rohit Sharma