|

ആ തലമുറയിലെ അവസാന രണ്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ ആ കുത്തക നഷ്ടപ്പെട്ടു; തുറന്നടിച്ച് മുന്‍ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോട് ചരിത്രത്തിലാദ്യമായി പരാജയപ്പെട്ടതിന്റെയും പരമ്പര നഷ്ടപ്പെട്ടതിന്റെയും ഞെട്ടലിലാണ് ഇന്ത്യ. തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പിച്ചുകളൊരുക്കിയിട്ടും അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് വിനയായത്.

എല്ലായ്‌പ്പോഴും സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകള്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പൂര്‍ണമായും കൈവിടുകയും കിവീസ് സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്ന കാഴ്ചക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചു.

ഇപ്പോള്‍ ഇന്ത്യ ഒരിക്കലും ഒരു സ്പിന്‍ ഫ്രണ്ട്‌ലി രാജ്യമല്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ ഇന്ത്യ അനായാസം വിജയിച്ചുകയറുമെന്ന വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ബോറിയ മജുംദാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ ടീമും അവരുടെ ബൗളര്‍മാര്‍ക്ക് അനുകൂലമായാണ് പിച്ച് ഒരുക്കുന്നത്. നിങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പര്യടനം നടത്തുമ്പോള്‍ ബൗണ്‍സിനെയും പേസിനെയും തുണയ്ക്കുന്ന പിച്ചുകളായിരിക്കും അവര്‍ ഒരുക്കുക. ന്യൂസിലാന്‍ഡാകട്ടെ സ്വിങ്ങിനെയാണ് വിശ്വസിക്കുന്നത്. ഇംഗ്ലണ്ടും അതേ ചിന്താഗതിക്കാരാണ്.

എന്നാല്‍ നമ്മളിപ്പോള്‍ മികച്ച രീതിയില്‍ സ്പിന്നിനെ തുണയ്ക്കുന്ന രാജ്യമല്ല. നമ്മള്‍ ഇനി മേലില്‍ സ്പിന്‍ ഫ്രണ്ട്‌ലിയാണെന്ന് വിശ്വസിക്കാനും സാധിക്കില്ല.

മധ്യനിരയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് 250-300 റണ്‍സ് നേടുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. നമ്മള്‍ സ്പിന്‍ സൗഹൃദമല്ല,’ പ്രസാദ് പറഞ്ഞു.

ആര്‍. അശ്വിനെയും രവീന്ദ്ര ജഡേജയെയും പോലെയുള്ള മികച്ച സ്പിന്നര്‍മാര്‍ ഇനി ഇന്ത്യക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍. അശ്വനും രവീന്ദ്ര ജഡേജയും മികച്ച സ്പിന്നര്‍മാരുടെ അവസാന തലമുറയാണ്. കാരണം മിസ്റ്ററി ബൗളേഴ്‌സിനെയോ വിവിധ വേരിയേഷനുളുള്ള ബൗളര്‍മാരെയോ ആണ് സെലക്ടര്‍മാര്‍ തിരയുന്നത്. സ്പിന്‍ ബൗളിങ്ങിന്റെ ക്വാളിറ്റി നഷ്ടപ്പെടുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ ഒന്നിനാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയ കിവികള്‍ സീരീസ് വൈറ്റ് വാഷ് ചെയ്യാനാണ് ഒരുങ്ങുന്നത്. അതേ സമയം അവസാന മത്സരമെങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനാകും ഇന്ത്യയുടെ ശ്രമം.

Content Highlight: Former chief selector MSK Prasad says India is not a spin friendly country anymore