രോഹിത് ശര്‍മക്ക് പകരം സെലക്ടര്‍മാര്‍ മറ്റൊരു ക്യാപ്റ്റനെ തേടുന്നുണ്ടെങ്കില്‍ വിരാട് കോഹ്‌ലിക്ക് വീണ്ടും ആ സ്ഥാനമേറ്റെടുക്കാന്‍ സാധിക്കുമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ഖേല്‍ നൗവിന് നല്‍കിയ അഭിമുഖത്തിലാണ് എം.എസ്.കെ പ്രസാദ് വിരാടിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിച്ചത്.
ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍സിയേറ്റെടുത്തതിനെ കുറിച്ചും ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കുമോ എന്നെനിക്കറിയില്ല. സെലക്ടര്‍മാരുടെ മൈന്‍ഡ്‌സെറ്റ് എന്തായിരിക്കുമെന്ന് എനിക്കറിയില്ല. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിലായിരിക്കണം സാധാരണഗതിയില്‍ അവരുടെ മൈന്‍ഡ്‌സെറ്റ്,’ പ്രസാദ് പറഞ്ഞു.
അജിന്‍ക്യ രഹാനെക്ക് തിരിച്ചുവരവ് നടത്തി ടീമിന്റെ വൈസ് ക്യാപ്റ്റനാകാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് വിരാടിന് വീണ്ടും ടെസ്റ്റ് ക്യാപ്റ്റന്‍സി നല്‍കിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
‘എന്തുകൊണ്ട് വിരാട് കോഹ്‌ലിക്ക് ക്യാപ്റ്റനായിക്കൂടാ? അജിന്‍ക്യ രഹാനെ മടങ്ങിയെത്തുകയും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ട് വിരാട് കോഹ്‌ലിക്ക് അതായിക്കൂടാ? ക്യാപ്റ്റന്‍സിയെ കുറിച്ച് വിരാട് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല.
സെലക്ടര്‍മാര്‍ രോഹിത്തിനുമപ്പുറം മറ്റൊരു ക്യാപ്റ്റനെ തേടുന്നുണ്ടെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. അഥവാ രോഹിത് ശര്‍മക്കുമപ്പുറം അവര്‍ മറ്റൊരാളെ അന്വേഷിക്കുന്നുണ്ടെങ്കില്‍ എനിക്ക് തോന്നുന്നത് വിരാട് തന്നെയായിരിക്കും അതിനുള്ള ഏറ്റവും മികച്ച ഓപ്ഷന്‍,’ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു വിരാട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. അന്നത്തെ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് വിരാട് സ്ഥാനമൊഴിഞ്ഞത്.
സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇതാദ്യമായല്ല വിരാട് വീണ്ടും ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. 2022 ജൂലൈയില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ റീ ഷെഡ്യൂള്‍ ചെയ്ത ഒരു മത്സരം ബെര്‍മിങ്ഹാമില്‍ നടക്കാനിരിക്കെ രോഹിത്തിന് പരിക്കേല്‍ക്കുകയും പരമ്പരയില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിരാട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരണമെന്ന് മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും ആവശ്യപ്പെട്ടിരുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരത്തിലും വിരാട് തന്നെയാണ് ഇന്ത്യയെ നയിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ട് വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ ലീഡ് ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിരാട് വീണ്ടും ക്യാപ്റ്റന്‍സിയേറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നത്.
എന്നാല്‍ ബി.സി.സി.ഐ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ സമനിലയെങ്കിലും നേടിയാല്‍ പരമ്പര സ്വന്തമാക്കാം എന്നിരിക്കെ ഇന്ത്യ അഞ്ചാം ടെസ്റ്റ് പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.
Content highlight: Former chief selector MSK Prasad about Virat Kohli’s captaincy