| Thursday, 7th September 2023, 5:18 pm

ആര്‍ക്ക് വേണമെടോ എട്ടാം നമ്പറില്‍ ബാറ്ററെ? പത്ത് റണ്‍സുമെടുക്കും ഓവറും തികച്ച് എറിയില്ല; ലോകകപ്പ് താരത്തിനെതിരെ മുന്‍ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും രണ്ട് താരങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. യുവ താരങ്ങളായ പ്രസിദ്ധ് കൃഷ്ണയെയും തിലക് വര്‍മയെയും ഒഴിവാക്കി ശേഷിക്കുന്ന 15 താരങ്ങളെയാണ് ഇന്ത്യ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ സ്‌ക്വാഡില്‍ സെലക്ടര്‍മാര്‍ ഏറെ ആത്മവിശ്വാസം വെച്ചുപുലര്‍ത്തുന്നുണ്ട്. ഡെപ്തും ബാലന്‍സുമാണ് ഈ ടീമിനെ സെലക്ട് ചെയ്തതിന്റെ പ്രധാന മാനദണ്ഡമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും പറഞ്ഞത്.

ടെയ്ല്‍ എന്‍ഡില്‍ ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാത്തതായിരുന്നു ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇത് മറികടക്കുന്നതിനായി ഏഴ് ബാറ്റര്‍മാര്‍ക്കൊപ്പം നാല് ഓള്‍ റൗണ്ടര്‍മാരെയാണ് ഇന്ത്യ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് നാല് ഓള്‍ റൗണ്ടര്‍മാര്‍.

എന്നാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ബാറ്റിങ്ങില്‍ കാര്യമായി സംഭാവന ചെയ്യാതിരിക്കുകയും ബൗളിങ്ങില്‍ തന്റെ ക്വാട്ട എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു. സ്റ്റാര്‍ സ്‌പേര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശ്രീകാന്ത് തന്റെ അഭിപ്രായം തുറന്നടിച്ചത്.

‘എല്ലാവരും പറയുന്നത് നമുക്ക് എട്ടാം മ്പറില്‍ മികച്ച ബാറ്ററെ വേണെന്നാണ്… ആര്‍ക്ക് വേണം എട്ടാം നമ്പറില്‍ ബാറ്ററെ? ഷര്‍ദുല്‍ താക്കൂര്‍ ആകെ പത്ത് റണ്‍സ് മാത്രമാണ് എടുക്കുന്നത്. പത്ത് ഓവര്‍ തികച്ച് ബൗള്‍ ചെയ്യുകയുമില്ല.

നേപ്പാളിനെതിരായ മത്സരത്തില്‍ അവന്‍ എത്ര ഓവര്‍ പന്തെറിഞ്ഞു? വെറും നാല് ഓവര്‍. നോക്കൂ, വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്‌വേക്കുമെതിരായ പ്രകടനങ്ങള്‍ നിങ്ങള്‍ കാണരുത്. അതില്‍ അവന്‍ മികച്ച രീതിയിലുള്ള പ്രകടനം നടത്തുകയാണെങ്കില്‍ അത് മനസില്‍ വെക്കണം, അതിന് പ്രാധാന്യം നല്‍കരുത്.

ഇതിന് പകരം ന്യൂസിലാന്‍ഡിനെ പോലെയോ ഓസ്‌ട്രേലിയയെ പോലെയുള്ള ടീമുകള്‍ക്കെതിരെ നടത്തിയ പ്രകടനങ്ങള്‍ കണക്കിലെടുക്കാന്‍ നിങ്ങള്‍ സ്വയം നിര്‍ബന്ധിക്കണം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഓവറോള്‍ ആവറേജ് കണ്ട് വഞ്ചിതരാകരുത്. ഓരോ മാച്ചിലെയും വ്യക്തിഗത പ്രകടനങ്ങള്‍ മാത്രം നോക്കുക,’ ശ്രീകാന്ത് പറഞ്ഞു.

ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഷര്‍ദുല്‍ താക്കൂര്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. ഈ വിജയത്തിന് പിന്നാലെ ഇന്ത്യ സൂപ്പര്‍ ഫോറിനും യോഗ്യത നേടിയിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Content highlight: Former chief selector Kris Srikanth on inclusion of Shardul Thakur’s in World Cup team

We use cookies to give you the best possible experience. Learn more