തുടര്‍ച്ചയായ മൂന്നാം മത്സരവും വിജയിച്ച് സെമിസാധ്യത ഉറപ്പാക്കാം എന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് പെര്‍ത്തില്‍ സൗത്ത് ആഫ്രിക്ക വിലങ്ങു തടിയാവുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും സമഗ്രാധിപത്യം പുലര്‍ത്തി അഞ്ച് വിക്കറ്റിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.
ബൗളിങ്ങില്‍ ലുങ്കി എന്‍ഗിഡിയും വെയ്ന്‍ പാര്‍ണെലും തിളങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ ഡേവിഡ് മില്ലറും ഏയ്ഡന്‍ മര്‍ക്രമും കരുത്തായി. ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഡ്‌ലെയ്ഡില്‍ നവംബര്‍ രണ്ടിനാണ് ഇന്ത്യ ബംഗ്ലാ കടുവകളുമായി ഏറ്റുമുട്ടുന്നത്.
ടി- 20 ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരത്തിന് മുമ്പായി ടീമില്‍ വരുത്തേണ്ട നിര്‍ണായക മാറ്റത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടര്‍ ക്രിസ് ശ്രീകാന്ത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്തണമെന്നാണ് ശ്രീകാന്ത് പറയുന്നത്.
റിഷബ് പന്ത് ഒരു മാച്ച് വിന്നറാണെന്നും എന്നാല്‍ കണ്‍സിസ്റ്റന്‍സിയില്ലാത്ത താരമാണെന്നും ശ്രീകാന്ത് പറയുന്നു. വരാനിരിക്കുന്ന മത്സരത്തില്‍ പന്ത് ടീമിനൊപ്പം ഉണ്ടാവണമെന്നാണ് മുന്‍ ചീഫ് സെലക്ടറുടെ അഭിപ്രായം.
‘എനിക്ക് തോന്നുന്നത് പന്തിനെ കൊണ്ട് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കും എന്നുതന്നെയാണ്. പന്ത് മികച്ച താരമാണ്, എന്നാല്‍ അവനില്‍ നിന്നും സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല.
പത്ത് മത്സരങ്ങള്‍ കളിച്ചാല്‍ അതില്‍ മൂന്നെണ്ണത്തില്‍ മാത്രമായിരിക്കും അവന്‍ മികച്ച പ്രകടനം പുറത്തെടുക്കുക. എന്നാല്‍ ആ മൂന്ന് മത്സരത്തിലും ഇന്ത്യയെ ഒറ്റക്ക് ജയിപ്പിക്കാന്‍ അവനെ കൊണ്ട് വളരെ എളുപ്പം സാധിക്കും,’ ശ്രീകാന്ത് പറയുന്നു.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ ഇനിയും താളം കണ്ടെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. ടെസ്റ്റ് ഫോര്‍മാറ്റുകളിലടക്കം ഇന്ത്യയുടെ പ്രതീക്ഷയാകുമ്പോള്‍ കുട്ടി ക്രിക്കറ്റില്‍ പന്തിന് ആ ഫോം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങളിലും പന്ത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ റിഷബ് പന്തിനെ ഒരിക്കലും എഴുതി തള്ളാനും സാധിക്കില്ല.
വിക്കറ്റ് കീപ്പറായും ഫിനിഷറുടെ റോളിലും ടീമിലെത്തിയ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിന് ഇനിയും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ഒരു മാറ്റത്തിന് മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്.
ടീമിലെ ഏക ഇടം കയ്യന്‍ ബാറ്ററാണ് റിഷബ് പന്ത്. ലെഫ്റ്റ് ഹാന്‍ഡ് – റൈറ്റ് ഹാന്‍ഡ് ടാക്ടിക്‌സിലേക്ക് ഇന്ത്യ മാറുകയാണെങ്കില്‍ പന്തിന് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പാക്കാന്‍ സാധിക്കും.
Content highlight: Former chief selector Kris Srikanth about Rishabh Pant