| Friday, 5th August 2022, 6:20 pm

മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീണ്ടും സാമ്‌നയുടെ എഡിറ്റർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേന മുഖപത്രം സാമ്‌നയുടെ എഡിറ്ററായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചുമതലയേറ്റു. സ്‌കൂൾ നിയമന തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ശിവസേന എം.പി സഞ്ജയ് റാവത്തിനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സാമ്‌നയുടെ എഡിറ്റർ സ്ഥാനത്തേക്ക് ഉദ്ധവ് താക്കറെ വന്നത്.

സഞ്ജയ് റാവത്ത് സാമ്‌നയുടെ എക്‌സിക്യൂട്ടിവ് എഡിറ്ററായി തുടരുമ്പോൾതന്നെയാണ് ഉദ്ധവ് എഡിറ്റർ സ്ഥാനമേൽക്കുന്നത്.

2019 ൽ മുഖ്യമന്ത്രിയായതിന് ശേഷം സാമ്‌നയുടെ എഡിറ്റർ സ്ഥാനം ഉദ്ധവ് രാജിവെച്ചിരുന്നു. 2020 ൽ ഉദ്ധവിന്റെ ഭാര്യ രഷ്മിയായിരുന്നു സാമ്‌നയുടെ എഡിറ്റർ.

1989 ലാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌ന പുറത്തിറക്കിയത്. അന്ന് ഉദ്ധവ് താക്കറെയുടെ അച്ഛനായ ബാൽ താക്കറെയായിരുന്നു എഡിറ്റർ. അദ്ദേഹത്തിന്റെ മരണശേഷം 2012ൽ ഉദ്ധവ് താക്കറെ സാമ്‌നയുടെ എഡിറ്ററായി ചുമതലയേൽക്കുകയായിരുന്നു.

സാമ്‌നയുടെ എഡിറ്ററായി ഉദ്ധവ് സ്ഥാനമേറ്റതോടെ പത്രം വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറാത്തി, ഹിന്ദി ഭാഷകളിലാണ് പത്രം പ്രസിദ്ധീകരിക്കുക. സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയിലിരിക്കുകയും ഉദ്ധവ് സാമ്‌നയുടെ എഡിറ്റർ സ്ഥാനത്തേക്ക് തിരിച്ച് വരികയും ചെയ്ത സാഹചര്യത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കാൻ മുഖപത്രം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്‌നയിൽ സഞ്ജയ് റാവത്ത് എഡിറ്റോറിയലും ഞായറാഴ്ച കോളങ്ങളും എഴുതിരുന്നു. ഈ വിഭാഗങ്ങൾ ആര് ഏറ്റെടുക്കുമെന്നത് ഒരു ചോദ്യമായി ഉയരുന്നുണ്ട്. എന്നാൽ ചീഫ് എഡിറ്റർ ആയി ഉദ്ധവ് താക്കറെ സ്ഥാനമേറ്റതിനാൽ അദ്ദേഹം കോളങ്ങളും എഴുതാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

വിവിധ വിഷയങ്ങളിൽ ശിവസേനയുടെ നിലപാട് വ്യക്തമാക്കാൻ സാമ്ന എഡിറ്റോറിയലുകൾ ഉപയോഗിക്കാറുണ്ട് . കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് പത്രം ബി.ജെ പിയെ വിമർശിച്ചിരുന്നു.

വെള്ളിയാഴ്ചയിലെ പത്രത്തിൽ, എൻ.സി.പി നേതാവ് ജിതേന്ദ്ര അഹ്വാദിന്റെ ജന്മദിന പരസ്യം മുൻ പേജിൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വിശ്വസ്തതയുടെ മറ്റൊരു പേര് അഹ്വാദ് ‘ എന്ന അടിക്കുറിപ്പോടൊണ് പരസ്യം നൽകിയിരിക്കുന്നത്. ശിവസേനയിൽ നിന്നും പോയ വിമത എം.എൽ.എമാരെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇതേകുറിച്ച് പറയുന്നത്. വിമത സേന എം.എൽ.എമാർക്കുള്ള പരിഹാസമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവസേന എം.പി സഞ്ജയ് റാവത്തിനെ ഞായറാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പത്ര ചൗൾ ഭൂമി കുംഭകോണ കേസിലാണ് സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തിരുന്നത്.

Content Highlight: Former Chief Minister Uddhav Thackeray is again the editor of Samna newspaper

We use cookies to give you the best possible experience. Learn more