'ഉമ്മന്‍ചാണ്ടി ഉഷാറായി'; ജര്‍മനിയില്‍ നിന്ന് വിദഗ്ദ ചികിത്സക്ക് ശേഷം 17ന് കേരളത്തിലെത്തും
Kerala News
'ഉമ്മന്‍ചാണ്ടി ഉഷാറായി'; ജര്‍മനിയില്‍ നിന്ന് വിദഗ്ദ ചികിത്സക്ക് ശേഷം 17ന് കേരളത്തിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th November 2022, 11:59 pm

തിരുവനന്തപുരം: ജര്‍മനിയിലെ വിദഗ്ദ ചികിത്സക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ 17ന് കേരളത്തിലേക്ക് മടങ്ങും. ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ സര്‍ജറിക്ക് ശേഷം വിശ്രമിത്തിലാണിപ്പോള്‍ ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ബെര്‍ലിനിലുണ്ട്.

മൂന്ന് ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 17ന് നാട്ടിലേക്ക് തിരിക്കൂന്നത്.

ഉമ്മന്‍ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശാസ്ത്രക്രിയയായതിനാല്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ആശുപത്രിയില്‍ ഒപ്പമുള്ള ബെന്നി ബഹനാന്‍ എം.പി അറിയിച്ചു.

അതേസമയം, ഉമ്മന്‍ചാണ്ടിയെ ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് സന്ദര്‍ശിച്ചു. സന്ദര്‍നത്തിന്റെ ചിത്രങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ഉമ്മന്‍ചാണ്ടി വിജയകരമായി ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം ചാണ്ടി ഉമ്മന്‍ അറിയിച്ചിുരന്നു.
തന്റെ 79-ാം പിറന്നാളിന് പിന്നാലെ നവംബര്‍ ആറിനായിരുന്നു ഉമ്മന്‍ചാണ്ടി വിദഗ്ദ ചികിത്സയ്ക്കായി ജര്‍മനിയിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.