കൊല്ലം: ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. നാടിനെ നടുക്കിയ ദുഃഖകരമായ സംഭവമാണിതെന്നും വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നും വിസ്മയയുടെ വീട് സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു.
നിന്ദ്യവും നീചവുമായ ഈ ക്രൂരതയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ്മയയുടെ കുടുംബത്തിന് നീതി ലഭിക്കണെമെന്നും ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വിസ്മയയുടെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നമ്മുടെ നാടിന്റെയും അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.
കിരണ്‍ കുമാറിന്റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് കിരണ്‍ സമ്മതിച്ചിരുന്നു. സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിനായി ആര്‍. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിരല്‍ പറഞ്ഞിരുന്നു.
9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.