കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍ എന്ന് കണ്ണൂര്‍ സബ് കോടതി.
88ാം പ്രതി ദീപക്, 18ാം പ്രതി സി.ഒ.ടി. നസീര്‍, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.
2013 ഒക്ടോബര്‍ 27നാണ് കണ്ണൂരില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് അത്‌ലറ്റ് മീറ്റ് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കു നേരെ കല്ലേറുണ്ടായത്.
സോളാര്‍ കേസ് നടക്കുന്ന സമയത്തുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഉപരോധത്തില്‍ പങ്കെടുത്ത സി.പി.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞത്.
അതേസമയം കോടതി 110 പേരെ വെറുതെ വിട്ടു. മുന്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍, കെ.കെ. നാരായണന്‍ അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.
എന്നാല്‍ ഇതിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എ ടി.സിദ്ധീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത് വേദനയാണ്. അതേസമയം അല്‍പമെങ്കിലും കുറച്ചാളുകള്‍ ശിക്ഷിക്കപ്പെട്ടുവെന്നത് നീതിന്യായവ്യവസ്ഥ അക്രമത്തിനെതിരായുള്ള ഒരു കാര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ തെളിവാണ്.
പക്ഷേ ആസൂത്രകര്‍ ഉള്‍പ്പെടെ ഇതില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നത് വേദനയാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യങ്ങള്‍ക്ക് അപ്പീല്‍ കൊടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
മുഴുവന്‍ പ്രതികളെയും പിടിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കണം,’ ടി. സിദ്ധീഖ് പറഞ്ഞു.
content highlight: Former Chief Minister Oommen Chandy stone pelting case; Three are guilty; 110 accused were acquitted