| Sunday, 23rd May 2021, 10:43 am

എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ല; ലതികാ സുഭാഷിന്റെ എന്‍.സി.പി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ലതികാ സുഭാഷിന്റെ എന്‍.സി.പി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണെന്നും താല്‍ക്കാലികമായ പരാജയം കോണ്‍ഗ്രസിന്റെ മനോവീര്യം കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നും പാര്‍ട്ടിയില്‍ ചേരുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

‘വി.ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് എല്ലാ നേതാക്കളോടും കൂടിയാലോചിച്ചിട്ടാണ്. വി.ഡി സതീശനെ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് ഉയര്‍ത്തിയിരുന്നു.

കെ.പി.സി.സി അഴിച്ചുപണിയെക്കുറിച്ചെല്ലാം എ.ഐ.സി.സിയാണ് തീരുമാനിക്കേണ്ടത്. എ.ഐ.സി.സി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടിണ്ട്. ആ കമ്മിറ്റി കേരളത്തിലേക്ക് വന്ന് അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കും,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. രാജിക്ക് പിന്നാലെ ലതിക തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Former Chief Minister Oommen Chandy reacts to Latika Subhash’s decision to join the NCP

We use cookies to give you the best possible experience. Learn more