തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് അംഗീകാരം കിട്ടുമെന്ന സര്‍ക്കാരിന്റെ അവകാശവാദം കേള്‍ക്കുമ്പോള്‍ അതിശയമാണ് തോന്നുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തിക സ്ഥിതി ത്വരിതപ്പെടുത്തുന്ന സംസ്ഥാനത്തിന്റെ ട്രഷറിയില്‍ നിന്ന് റെയില്‍ പാത നിര്‍മിക്കാന്‍ ആവശ്യമായ 63,491 കോടി എവിടെ നിന്നാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ മുന്നോട്ട് പോയതും ചെലവ് കുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയെ താഴെയിട്ടാണ് കീറാമുട്ടിയായ പുതിയ പദ്ധതിയ്ക്ക് അനുമതി നല്‍കിയതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യം ഉണ്ടായിരുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതി പൊടിതട്ടിയെടുത്ത് രൂപമാറ്റം വരുത്തിയ പദ്ധതിയാണിത്. സ്ഥലമെടുപ്പിനെതിരെ പലയിടത്തും സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പോലും പ്രതിഷേധമുയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച കേരള ഹൈസ്പീഡ് റെയില്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു പോവുകയും ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1,27,000 കോടി രൂപയുടെ ചെലവാണ് പദ്ധതിയ്ക്ക് പ്രതീക്ഷിച്ചത്. താങ്ങാനാവാത്ത പദ്ധതി ചെലവും സ്ഥലമെടുപ്പിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും പരിഗണിച്ച് മുന്നോട്ട് പോയില്ല. തുടര്‍ന്നാണ് സബര്‍ബന്‍ പദ്ധതിയിലേക്ക് പോയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് കേരളത്തിന് എടുത്താല്‍ പൊങ്ങാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്ക് തിരിച്ച് പോവുന്നതാവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് (സില്‍വര്‍ ലൈന്‍) ഉടന്‍ അംഗീകാരം കിട്ടുമെന്ന സര്‍ക്കാരിന്റെ അവകാശവവാദം കേള്‍ക്കുമ്പോള്‍ അതിശയമാണു തോന്നുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ മുന്നോട്ടുപോയതും ചെലവുകുറഞ്ഞതും പ്രായോഗിവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയെ ഉരുട്ടി താഴെയിട്ടിട്ടാണ് കീറാമുട്ടിപോലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയെ ഉരുട്ടിക്കയറ്റുന്നത്. സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവ് 63,491 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്ന സംസ്ഥാനത്തിന്റെ ട്രഷറിയില്‍ നിന്ന് ഇത്രയും വലിയ തുക എവിടെനിന്നു കണ്ടെത്തും?
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടിവരുന്നത്. ആദ്യം ഉണ്ടായിരുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതി പൊടിതട്ടിയെടുത്ത് രൂപമാറ്റം വരുത്തിയ പദ്ധതിയാണിത്. ഇതിന്റെ ഡി.പി.ആര്‍ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി കേരള റെയില്‍ ഡവല്പമെന്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും പാര്‍ട്ടിക്കാരെ കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സി.പി.എമ്മിന്റെ നേതൃത്വത്തില്‍പോലും പ്രതിഷേധം ഉയരുന്നുണ്ട്.
2013ലാണ് യു.ഡി.എഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്‌നലുകള്‍ ആധുനികവത്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവില്‍ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം. റെയില്‍വെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.
വി. എസ് അച്യുതാനന്ദര്‍ സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച കേരള ഹൈസ്പീഡ് റെയില്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുകയും ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1,27,000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിച്ചത്. താങ്ങാനാവാത്ത പദ്ധതി ചെലവും സ്ഥലമെടുപ്പിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പരിഗണിച്ച് മുന്നോട്ടുപോയില്ല. തുടര്‍ന്നാണ് സബര്‍ബന്‍ പദ്ധതിയിലേക്കു തിരിഞ്ഞത്.
അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് കേരളത്തിന് എടുത്താല്‍ പൊങ്ങില്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതി ക്കു പകരം സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്കു തിരിച്ചുപോകുന്നതാകും ഉചിതം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Former chief Minister Oommen Chandy against Silver line Railway project