| Tuesday, 2nd May 2023, 11:57 am

പൂഞ്ച് ഒരു ഉദാഹരണം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ തീവ്രവാദം ഇല്ലാതാകുമെന്ന് പറഞ്ഞിട്ടെന്തായി? ഫാറൂഖ് അബ്ദുല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു കശ്മീര്‍: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ജമ്മു കശ്മീരില്‍ ജനാധിപത്യം കൊണ്ടുവരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യ മന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല.

‘പഞ്ചായത്ത് ഇലക്ഷന്‍ നടക്കാനിരിക്കുകയാണ്. യുക്തിപരമായി എന്തെങ്കിലും ചെയ്യുന്നത് നന്നാവും. തെരഞ്ഞെടുപ്പിലൂടെ കശ്മീരില്‍ അടിസ്ഥാന ജനാധിപത്യം കൊണ്ടുവരാനാകും,’ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

പൂഞ്ച് ഭീകരാക്രമണത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദം ഉയരാന്‍ കാരണമെന്നും തീവ്രവാദം കശ്മീരില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തീവ്രവാദം എപ്പോഴെങ്കിലും ജമ്മു കശ്മീരിനെ വിട്ടുപോയിട്ടുണ്ടോ? ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ അവര്‍ പറഞ്ഞു തീവ്രവാദം ഇല്ലാതായിത്തീരുമെന്ന്. അങ്ങനെ ചെയ്തതാണ് ടെററിസം ഉയരാന്‍ തന്നെ കാരണം. ഈയിടെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവര്‍ക്ക് കുടുംബമില്ലേ? അവരെ ബുള്ളറ്റ്-പ്രൂഫ് ഇല്ലാത്ത വാഹനത്തിലാണ് അയച്ചത്. അപ്പോള്‍ മരണമല്ലാതെ മറ്റെന്ത് സംഭവിക്കാനാണ്,’ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

അതേസമയം, ഭിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനം ഗ്രനേഡ് ആക്രമണത്തില്‍ കത്തിയമരുകയായിരുന്നു. ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വാഹനത്തിന് തീ പടര്‍ന്നെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights: Former Chief Minister of Jammu and Kashmir Farooq Abdulla on Panchayat Elections

We use cookies to give you the best possible experience. Learn more