മുൻ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ
national news
മുൻ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th September 2023, 8:02 am

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടിയുടെ (ടി.ഡി.പി) പ്രസിഡന്റുമായ എൻ. ചന്ദ്രബാബു നായിഡു അഴിമതി കേസിൽ അറസ്റ്റിൽ. ആന്ധ്ര മാനവ വിഭവശേഷി പദ്ധതി അഴിമതിക്കേസിൽ ഇന്ന് പുലർച്ചെയാണ് നന്ത്യാൽ പൊലീസ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ആർ.കെ. ഫങ്ഷൻ ഹാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ താവളത്തിൽ പുലർച്ചെ മൂന്ന് മണിക്ക് നന്ദ്യാൽ ഡി.ഐ. ജി രഗുറാമി റെഡ്ഢിയുടെയും സി. ഐ.ഡിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നായിഡുവിനെ കസ്റ്റഡിയിൽ എടുത്തത്. തന്റെ ക്യാരവനിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹം.

5.30 വരെ നായിഡുവിന്റെ അരികിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞു ടി.ഡി.പി അണികൾ പൊലീസിനെ തടഞ്ഞു. തുടർന്ന് രാവിലെ ആറ് മണിക്ക് പൊലീസ് നായിഡുവിന്റെ വാഹനത്തിൽ മുട്ടി അദ്ദേഹത്തെ പുറത്തിറക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആന്ധ്ര പ്രദേശ് സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതി അഴിമതി കേസിൽ ഒന്നാം പ്രതിയാണ് നായിഡു. പൊലീസിന് മുമ്പിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരാക്കാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

3300 കോടി പദ്ധതിയുടെമറവിൽ 340 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരെയുള്ള ആരോപണം. മകൻ നാര ലോകേഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മേരുഗ നാഗാർജുന ഇന്നലെ രംഗത്ത് വന്നിരുന്നു.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ജഗൻ മോഹൻ റെഡ്ഢിയാണ് ഇതിന് പിന്നിലെന്നും ടി.ഡി.പി നേതാക്കൾ ആരോപിച്ചു.

Content Highlight: Former chief minister of Andhra arrested