|

രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മുന്‍ ആസാം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന് മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്. ഇന്ത്യന്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗോഗോയ് കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചത്.

ദേശീയ പൗരത്വ രജിസ്റ്ററില്‍ ഇടം ലഭിക്കാത്ത ഭൂരിഭാഗം പേരും ഇന്ത്യാക്കാരാണെന്ന് ഗോഗോയ് പറഞ്ഞു. “”അവരെല്ലാം ഇന്ത്യാക്കാരാണ്. ഇടം ലഭിക്കാത്തവരില്‍ പട്ടാളക്കാരുണ്ട്, പൊലീസുകാരുണ്ട്, ഗവണ്‍മെന്റ് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവരുണ്ട്”” ഗോഗോയ് പറഞ്ഞു.


ALSO READ: കേരളത്തെ ചേര്‍ത്ത് പിടിച്ച എന്‍.ഡി ടിവിക്ക് റേറ്റിംഗ് കൊടുത്ത് നന്ദി പറഞ്ഞ് മലയാളികള്‍


ദേശീയ പൗരത്വ രജിസ്റ്ററിനെ അവസാന പട്ടികയില്‍ ഇടം ലഭിക്കാത്തത് ഏകദേശം 40 ലക്ഷത്തോളം പേര്‍ക്കാണ്. ഈ ജനങ്ങളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ബി.ജെ.പിയൂടെ ഇലക്ട്രല്‍ രാഷ്ട്രീയം ആസാമില്‍ വിലപ്പോവില്ലെന്നും, എന്തുകൊണ്ടാണ് സിറ്റിസണ്‍ അമന്‍ഡ്‌മെന്റ് ബില്‍ ആസാമില്‍ നടപ്പിലാക്കതെന്നും ഗോഗോയ് ചോദിച്ചു.

നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരേയും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതായും ഗോഗോയ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്.


ALSO READ: പ്രളയം: രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍


അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.

1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട്ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.