| Friday, 30th August 2019, 4:48 pm

സ്വന്തം പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കത്തോട് പാളയത്തില്‍ എതിര്‍പ്പ്; സോണിയാ ഗാന്ധിയെ കണ്ട് ഹൂഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചു. ഇന്നലെയാണ് ഹൂഡ സോണിയയെ സന്ദര്‍ശിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ് വേറെ പാര്‍ട്ടിയുണ്ടാക്കാനുള്ള ആലോചനകളോട് ഒപ്പം നില്‍ക്കുന്ന എം.എല്‍.എമാരും മുതിര്‍ന്ന നേതാക്കളും എതിര്‍പ്പ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഹൂഡ സോണിയ ഗാന്ധിയെ കണ്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ഗുലാം നബി ആസാദും ഒപ്പമുണ്ടായിരുന്നു.

സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തത് എന്താണെന്നതിനെ കുറിച്ച് ഹൂഡയോ ആസാദോ പ്രതികരിച്ചില്ല. നിലവിലെ അദ്ധ്യക്ഷനായ അശോക് തന്‍വറിന്റെ നേതൃത്വത്തില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് ഹൂഡ സോണിയയോട് പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും തനിക്ക് തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വവും തന്നില്ലെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പോലെ സംഭവിച്ചേക്കാമെന്നും ഹൂഡ സോണിയയോട് പറഞ്ഞു.

വരുന്ന ദിവസങ്ങളില്‍ ഹരിയാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി അവസാന തീരുമാനം പ്രഖ്യാപിക്കും. അശോക് തന്‍വറെ മാറ്റി കുമാരി ശെല്‍ജയെ അദ്ധ്യക്ഷയായി തെരഞ്ഞെടുത്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

We use cookies to give you the best possible experience. Learn more