മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
Kerala News
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th July 2023, 6:35 am

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 4.25ന് ആയിരുന്നു അന്ത്യം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

ഹെലികോപ്ടര്‍ മാര്‍ഗം മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച 2.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.

1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി പന്ത്രണ്ട് തവണ എം.എല്‍.എയായ ഉമ്മന്‍ ചാണ്ടി രണ്ട് ടേമിലായി ഏഴ് വര്‍ഷം മുഖ്യമന്ത്രിയായിട്ടുണ്ട്. 50 വര്‍ഷം നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോഡ്.

കാരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു.

യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തിലാണ് കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറുന്നത്. പിന്നീടുള്ള അരനൂറ്റാണ്ട് കാലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയ നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി നിറഞ്ഞു നിന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും 27ാമത്തെ വയസില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്.

1977ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രായം 34 വയസായിരുന്നു. 1978ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി.

കെ. കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തര മന്ത്രിയായും ധനകാര്യ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യ ജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Content Highlight: Former Chief Minister and senior Congress leader Oommen Chandy passed away