ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്; ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല: ഉമ്മന്‍ചാണ്ടി
Kerala News
ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്; ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല: ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 11:50 am

കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷ ക്രമീകരണങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്നും ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. എന്നാല്‍ കരിങ്കോടി പ്രതിഷേധം പാടില്ല എന്നു പറയാനാവില്ല. കറുത്ത മാസ്‌ക് പോലും പാടില്ല എന്നു പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്.അത്തരം പ്രതിഷേധങ്ങള്‍ ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണകടത്തുകേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി.

പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. കുറ്റിപ്പുറം പാലത്തില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. മന്ത്രിയുടെ വാഹനം പാലത്തിലേക്ക് എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു.

മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ്.പി നേരിട്ടാണ് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നത്.

മുഴുവന്‍ ഡി.വൈ.എസ്.പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കി. 20 സി.ഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. സുരക്ഷ നല്‍കേണ്ട സന്ദര്‍ഭത്തില്‍ അത് വേണം. ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണം. മാസ്‌ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Content Highlights: Former Chief Minister and Congress leader Oommen Chandy protests against the security arrangements of the Chief Minister.