| Tuesday, 29th March 2022, 10:47 pm

രാജ്യത്തെ മുസ്‌ലിങ്ങള്‍ ഹിന്ദു ജനസംഖ്യ മറികടക്കുമെന്നത് കെട്ടുകഥ: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിം ജനവിഭാഗം ഹിന്ദു ജനസംഖ്യ മറികടക്കുമെന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈശി. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ശത്രുത വളര്‍ത്തുകയാണെന്നും ഖുറൈശി പറഞ്ഞു.

തന്റെ പുസ്തകമായ ‘The Population Myth: Islam, Family Planning and Politics in India’യെക്കുറിച്ചുള്ള ചര്‍ച്ചയില്‍
ന്യൂദല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ ജനസംഖ്യാ സന്തുലനത്തെ മുസ്‌ലിം ജനസംഖ്യ തകര്‍ക്കുന്നുവെന്നതും തെറ്റായ പ്രചരണമാണ്.
1951ലെ 9.8ല്‍നിന്ന് 2011ല്‍ 14.2 ശതമാനമായി മുസ്‌ലിങ്ങള്‍ വര്‍ധിച്ചെന്നാണ് ഇന്ത്യയുടെ ജനസംഖ്യാ അനുപാതം കാണിക്കുന്നത്. ഹിന്ദുജനസംഖ്യ 84.2ല്‍നിന്ന് 79.8 ശതമാനത്തിലേക്ക് ഇടിവുമുണ്ടായി. കഴിഞ്ഞ 60 വര്‍ഷത്തിനിടെ 4.4 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണിതെന്നും ഖുറൈശി വ്യക്തമാക്കി.

ഹിന്ദുക്കളെക്കാളും വേഗത്തില്‍ കുടുംബാസൂത്രണം സ്വീകരിക്കുന്നത് മുസ്‌ലിങ്ങളാണ്. ഹിന്ദു ജനസംഖ്യയെ മറികടന്ന് രാഷ്ട്രീയ അധികാരം പിടിച്ചടക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നുവെന്ന ഒരു പ്രചാരണവുമുണ്ട്. എന്നാല്‍, ഒരു മുസ്ലിം നേതാവും പണ്ഡിതനും മുസ്ലിങ്ങളോട് കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മുസ്‌ലിങ്ങള്‍ക്ക് ഒരിക്കലും ഹിന്ദുജനസംഖ്യയെ മറികടക്കാനാകില്ലെന്നും എസ്.വൈ ഖുറൈശി കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിങ്ങള്‍ വ്യാപകമായി കുട്ടികളെ ഉല്‍പാദിപ്പിക്കുന്നുവെന്നും രാജ്യത്തെ ജനസംഖ്യാ വര്‍ധനയ്ക്ക് കാരണം അവരാണെന്നുമാണ് ഒരു മിത്ത്. മുസ്‌ലിങ്ങളുടെ കുടുംബാസൂത്രണ നിരക്ക് ഏറ്റവും കുറവാണ്-45.3 ശതമാനം- എന്നത് ശരി തന്നെയാണ്. അവരുടെ ആകെ പ്രത്യുത്പാദന നിരക്ക്-2.61- ഏറ്റവും ഉയര്‍ന്ന തോതാണ്. എന്നാല്‍, ഹിന്ദുക്കളും ഒട്ടും പിറകിലല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുടുംബാസൂത്രണ തോതില്‍ 54.4 ശതമാനവുമായി തൊട്ടുപിറകില്‍ തന്നെയുണ്ട്. പ്രത്യുത്പാദനനിരക്കില്‍ 2.13 ശതമാനവുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഇക്കാര്യം തീരെ പരാമര്‍ശിക്കപ്പെടാറില്ല

ഇസ്‌ലാം കുടുംബാസൂത്രണത്തിനെതിരല്ല. ഖുര്‍ആന്‍ ഒരിടത്തും കുടുംബാസൂത്രണത്തെ നിരോധിച്ചിട്ടില്ല. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വ്യാഖ്യാനങ്ങള്‍ മാത്രമേയുള്ളൂ. എണ്ണത്തെക്കാളും നിലവാരത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനുമാണ് ഖുര്‍ആനും ഹദീസുമെല്ലാം ഊന്നല്‍ നല്‍കുന്നത്,’ ഖുറൈശി കൂട്ടിച്ചേര്‍ത്തു

Content Highlights: Former Chief Election Commissioner S. Y. Quraishi says It is a myth that the Muslim population in India will outnumber the Hindu population

Latest Stories

We use cookies to give you the best possible experience. Learn more