| Friday, 25th March 2022, 8:09 pm

ജഡേജയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ പൊട്ടിത്തെറി; അവനെ ക്യാപ്റ്റനാക്കാന്‍ കൊള്ളില്ലെന്ന് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ ഒന്നാകെ ഞെട്ടിച്ച് ധോണി ചെന്നൈയുടെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പിന്‍മുറക്കാരനാക്കിയായിരുന്നു ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ടാമത്തെ മാത്രം ക്യാപ്റ്റന് ആശംസകളുമായി എല്ലാ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ജഡേജയെ നായക സ്ഥാനത്ത് നിയമിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സി.എസ്.കെ താരം എസ്. ബദ്രീനാഥ്.

എസ്. ബദ്രീനാഥ്.

താരത്തിന് പരിചയസമ്പത്ത് കുറവാണെന്നാണ് ബദ്രിനാഥിന്റെ പ്രധാന വിമര്‍ശനം. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ പോലും ജഡേജ ഒരു ടീമിനെയും നയിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബദ്രിനാഥ് താരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

‘ജഡേജ പ്രധാനമായും ഒരു ബൗളര്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റര്‍ എന്ന നിലയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ബാറ്റിംഗില്‍ മികവ് കണ്ടെത്തിയതോടൈ മാത്രമാണ് അയാള്‍ ഒരു പ്രോപ്പര്‍ ഓള്‍റൗണ്ടറായി മാറിയത്, ഒരു 3ഡി താരമായിരുന്നു അദ്ദേഹം. എന്നാലിപ്പോള്‍ 4 ഡൈമെന്‍ഷന്‍ ആയിരിക്കുകയാണ്. ക്യാപ്റ്റന്‍ ആവുന്നതിലൂടെ അദ്ദേഹം ഒരു 4ഡി ക്രിക്കറ്ററായിരിക്കുകയാണ്.

എന്നാല്‍, ജഡേജ ഒരു ടീമിനെ പോലും ഇതുവരെ നയിച്ചിട്ടില്ല എന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്. ഒരു ഫസ്റ്റ് ക്ലാസ് മത്സത്തില്‍ പോലും ക്യാപ്റ്റനായിട്ടില്ല.

ഹോട്ട്‌സ്‌പോട്ടുകളില്‍ ഫീല്‍ഡ് ചെയ്യണം, ബൗള്‍ ചെയ്യുകയും ബാറ്റ് ചെയ്യുകയും വേണം. ഇപ്പോള്‍ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിന്റെ ചുമതലയിലേക്ക് വന്നു’ ബദ്രിനാഥ് പറയുന്നു.

തന്റെ കരിയറില്‍ 95 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ബദ്രിനാഥ്. 2010, 2011 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം ചൂടിയപ്പോള്‍ ബദ്രിനാഥ് ടീമിലെ മുഖ്യ ഘടകമായിരുന്നു.

പുതിയ ഉത്തരവാദിത്തമേറ്റെടുത്ത ശേഷം ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെയാണ് ജഡേജയ്ക്ക് ചെന്നൈയെ നയിക്കാനുള്ളത്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content Highlight: Former Chennai Super Kings player Subramanyam Badhrinath against captiancy of  Ravindra Jadeja

We use cookies to give you the best possible experience. Learn more