| Friday, 9th August 2024, 10:45 am

അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ റൊണാൾഡോ ചെൽസിക്കായി പന്തുതട്ടിയേനെ: മുൻ ഫ്രഞ്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൈന്‍ ചെയ്യാന്‍ ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിക്ക് അവസരം ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ചെല്‍സി ഡിഫന്‍ഡര്‍ വില്യം ഗല്ലാസ്. റൊണാള്‍ഡോയെ ടീമിലെത്തിച്ചാല്‍ ചെല്‍സിയുടെ പ്രകടനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും വില്യം പറഞ്ഞു. ജെന്റിങ് കാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമില്‍ എത്തിക്കാനുള്ള മികച്ച അവസരം ലഭിച്ചിരുന്നു. പക്ഷെ അവര്‍ അത് നഷ്ടപ്പെടുത്തി. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇത്. അത് നടന്നിരുന്നുവെങ്കില്‍ ക്ലബ്ബിന് മികച്ച ഒന്നായി മാറുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് 39 വയസുണ്ട്. ഇപ്പോള്‍ പ്രീമിയര്‍ ലീഗിന്റെ തീവ്രത അദ്ദേഹത്തിന് കൂടുതലായിരിക്കും,’ മുന്‍ ചെല്‍സി താരം പറഞ്ഞു.

2022ലാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസില്‍ നിന്നുമാണ് റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്നത്. തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കായിരുന്നു റൊണാള്‍ഡോ തിരിച്ചെത്തിയത്. ഇവിടെ നിന്നും താരം പിന്നീട് സൗദി വമ്പന്‍മാരായ അല്‍ നാസറിലേക്ക് ചേക്കേറുകയായിരുന്നു.

നിലവില്‍ സൗദി സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് റൊണാള്‍ഡോയും അല്‍ നസറും. ഓഗസ്റ്റ് 14ന് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ അല്‍ താവൂണിനെയാണ് റൊണാള്‍ഡോയും സംഘവും നേരിടുന്നത്.

സൗദി വമ്പന്‍മാരുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ 2025 അവസാനം വരെയാണ് ഉള്ളത്. ഇതിനുശേഷം പോര്‍ച്ചുഗീസ് ഇതിഹാസവുമായി അല്‍ നസര്‍ വീണ്ടും കരാറില്‍ ഏര്‍പ്പെടുമോ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം അല്‍ നസറിന് കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. ലൂയിസ് കാസ്ട്രോയുടെ കീഴില്‍ സൗദി പ്രോ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടിയെടുക്കാന്‍ അല്‍ നസറിന് സാധിച്ചിരുന്നില്ല. 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്.

Content Highlight: Former Chelsea Player Talks About Cristaino Ronaldo

We use cookies to give you the best possible experience. Learn more