അങ്ങനെയങ്ങ് കളിയാക്കാൻ വരട്ടെ, അയാൾ പന്ത് കൊണ്ട് അമ്മാനമാടിയൊരു കാലമുണ്ടായിരുന്നു, അത് മറക്കരുത്; വിമർശനങ്ങൾക്കിടയിൽ റോണോയെ പിന്തുണച്ച് മുൻ ചെൽസി സൂപ്പർതാരം
യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു ജയം. ഒമോണിയ എഫ്.സിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
മാർകസ് റാഷ്ഫോർഡും ആന്തണി മാർഷ്വലുമാണ് യുണൈറ്റഡിനായി ഗോൾ കണ്ടെത്തിയത്. റാഷ്ഫോർഡ് മത്സരത്തിൽ ഡബിൾ തികച്ചപ്പോൾ രണ്ടാം ഗോളിന് വഴിയൊരുക്കിയത് റൊണാൾഡോ ആയിരുന്നു. താരത്തിന്റെ മികച്ച അസിസ്റ്റാണ് മാഞ്ചസ്റ്ററിന്റെ വിജയത്തിന് കാരണമായതെങ്കിലും താരത്തിനെതിരെ വിമർശനമുയരുകയാണ്.
ഗോൾ നേടാൻ സാധിക്കാത്തതും എല്ലാത്തിനുമുപരി മികച്ച ഒരു ചാൻസ് നഷ്ടപ്പെടുത്തിയതുമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ റൊണാൾഡോയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെൽസി ഡിഫൻഡർ ഫ്രാങ്ക് ലെബോഫ്.
പോർചുഗീസിന് ഒരു പ്രതാപകാലമുണ്ടായിരുന്നെന്നും അതിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരങ്ങളിൽ റൊണാൾഡോ ബെഞ്ചിലിരിക്കുകയായിരുന്നു. താരം അഞ്ച് തവണ ബെഞ്ചിൽ നിന്നിറങ്ങിയെങ്കിലും ഗോൾ നേടുന്ന കാര്യത്തിൽ നിരാശയായിരുന്നു ഫലം.
യുവേഫ യൂറോപ്പ ലീഗിലെ മൂന്ന് മത്സരങ്ങളിലായി ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ റൊണാൾഡോ വ്യക്തിപരമായ കാരണങ്ങളാൽ സമ്മർദത്തിലാണെന്നും മാനസിക പിരിമുറുക്കം നേരിടുന്നതിനാലാണ് മത്സരത്തിൽ വേണ്ട പോലെ കളിക്കാൻ സാധിക്കാത്തതെന്നും ഫ്രാങ്ക് ലെബോഫ് പറഞ്ഞു.
”നിങ്ങളൊരു കാര്യം അമിതമായി ആഗ്രഹിച്ച് അതിന്റെ പുറത്ത് പരവേശം കാട്ടുകയും സമ്മർദം ചെലുത്തുകയും ചെയ്താൽ അത് നേടാൻ സാധിക്കണമെന്നില്ല. എന്നാൽ ആഗ്രഹം മറന്ന് മറ്റ് പലതിലേക്കും ചിന്ത തിരിച്ചുവിട്ടാൽ അത് നേടിയെടുക്കാൻ നമുക്ക് സാധിച്ചേക്കും. അങ്ങനെയൊന്നാണ് ഇവിടെയും സംഭവിച്ചത്. റൊണാൾഡോ ഗോൾ നേടണമെന്ന് നിങ്ങൾ കരുതുമ്പോൾ അദ്ദേഹത്തിന് അതിന് കഴിഞ്ഞെന്ന് വരില്ല. റൊണാൾഡൊ ഇപ്പോൾ കൂടുതൽ സ്‌കോർ ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോൾ അദ്ദേഹത്തിനത് സാധിക്കുന്നുമില്ല. അതയാളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുമുണ്ടാകാം,” അദ്ദേഹം വ്യക്തമാക്കി.
യുവേഫ യൂറോപ്പ ലീഗിലെ മൂന്ന് മത്സരത്തിൽ രണ്ട് ജയവും ഒരു തോൽവിയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.
കളിച്ച മൂന്നിലും ജയിച്ച റയൽ സോസിഡാഡാണ് ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാർ. യൂറോപ്പ ലീഗിൽ ഒക്ടോബർ 14നാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. ഒമോണിയ തന്നെയാണ് എതിരാളികൾ.
Content Highlights: Former Chelsea defender praises Cristiano Ronaldo for his hardwork and acheievements in career