ചെല്‍സി പുതുതായി ടീമിലെത്തിച്ച അര്‍ജന്റൈന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനെ മുന്‍ ബാഴ്‌സലോണ മിഡ് ഫീല്‍ഡര്‍ സെസ്‌ക് ഫാബ്രിഗസിനോട് ഉപമിച്ച് ചെല്‍സിയുടെ ഇതിഹാസ താരം ജിയാന്‍ഫ്രാങ്കോ സോള.
ഇക്കഴിഞ്ഞ ജനുവരിയിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് വിന്നിങ് സ്‌ക്വാഡിലെ അംഗവും എമേര്‍ജിങ് പ്ലെയറുമായ എന്‍സോയെ ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ചത്.
106.8 മില്യണ്‍ ഡോളറിനാണ് എന്‍സോയെ ബെന്‍ഫിക്കയില്‍ നിന്നും ചെല്‍സി ടീമിലെത്തിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ജാക്ക് ഗ്രെലിഷിനെ ടീമിലെത്തിച്ചതിന്റെ ബ്രിട്ടീഷ് റെക്കോഡ് തകര്‍ത്താണ് ചെല്‍സി എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കിയത്.
ടീമിലെത്തിയതിന് പിന്നാലെ തന്റെ ടെക്‌നിക്കല്‍ സ്‌കില്‍സ് കൊണ്ട് താരം കയ്യടി നേടിയിരുന്നു.
എന്‍സോയെ കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കവെയാണ് മുന്‍ ചെല്‍സി താരം കൂടിയായ ജിയാന്‍ഫ്രാങ്കോ സോള താരത്തെ മുന്‍ ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ സെസ്‌ക് ഫാബ്രിഗസിനോട് ഉപമിച്ചിരിക്കുന്നത്.
ഫുട്‌ബോള്‍ ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അവന്റെ കഴിവുകളില്‍ ഞാന്‍ ഏറെ ഇംപ്രസ്ഡായിരിക്കുകയാണ്. അവന്‍ കളിക്കുമ്പോഴുള്ള അവന്റെ മനസിന്റെ വേഗത… ഒരര്‍ത്ഥത്തില്‍ അവന്‍ എന്നെ സെസ്‌ക് ഫാബ്രിഗസിനെ ഓര്‍മിപ്പിക്കുകയാണ്,’ സോള പറഞ്ഞു.
ചെല്‍സിക്കായി രണ്ട് മത്സരങ്ങളിലാണ് എന്‍സോ ഇതുവരെ ബൂട്ടുകെട്ടിയത്. എന്നാല്‍ ടീമിനൊപ്പം ഒരു മത്സരം വിജയിക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടല്ല.
ഫുള്‍ഹാമിനെതിരായ മത്സരം ചെല്‍സി ഗോള്‍ രഹിത സമനിലയില്‍ അവസാനിപ്പിച്ചപ്പോള്‍ ഓരോ ഗോള്‍ വീതമടിച്ചായിരുന്നു വെസ്റ്റ് ഹാമിനോട് ചെല്‍സി സമനില വഴങ്ങിയത്.
പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ചെല്‍സി. 22 മത്സരത്തില്‍ നിന്നും എട്ട് വിജയത്തോടെ 31 പോയിന്റാണ് ചെല്‍സിക്കുള്ളത്.