| Wednesday, 22nd May 2019, 9:35 am

'സുരക്ഷിതമല്ലാതെ ഇ.വി.എമ്മുകള്‍ കണ്ടെത്തിയത് ഗുരുതര വീഴ്ച' ചട്ടങ്ങള്‍ എടുത്തുപറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷനതിരെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍, ഉത്തര്‍പ്രദേശ്, യു.പി എന്നിവിടങ്ങളില്‍ കടകളിലും വാഹനങ്ങളിലും ഇ.വി.എം കണ്ടെത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡി.വൈ ഖുറേഷി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ഇ.വി.എം സൂക്ഷിക്കേണ്ടതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് കൃത്യമായ ചട്ടങ്ങളുണ്ടെന്നും ആ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടുന്നത്.

‘വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം എല്ലാ ഇ.വി.എമ്മുകളും, വോട്ടെടുപ്പിന് ഉപയോഗിച്ചതും അല്ലാത്തതും, എല്ലായ്‌പ്പോഴും സായുധ സേനയുടെ സംരക്ഷണത്തിലായിരിക്കണമെന്നാണ് ഇ.വി.എം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടത്തില്‍ പറയുന്നത്.’ അദ്ദേഹം പറയുന്നു.

‘പോള്‍ ചെയ്ത ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന സമയത്തുതന്നെ ബാക്കിവന്ന എല്ലാ ഇ.വി.എമ്മുകളും ഇ.വി.എം സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ് റൂമിലേക്ക് മാറ്റണം’ എന്നും അദ്ദേഹം വിശദീകരിക്കുന്നു.

സുരക്ഷിതത്വമില്ലാതെ മെഷീനുകള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഖുറേഷി പിന്നീട് ഇന്ത്യാ ടുഡേയോടു പറഞ്ഞു. പോളിങ് ഓഫീസര്‍മാരുടെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടാവാമെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പിള്‍ വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, പ്രസ്തുത മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടിരുന്നു.

വിവിപാറ്റ് രസീതുകള്‍ എണ്ണിയ ശേഷം മാത്രം ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണണമെന്നും ഇവര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിശോധിച്ച സുപ്രീം കോടതി, ഒരോ മണ്ഡലത്തിലേയും 5 വിവിപാറ്റിലെ റസീതുകള്‍ എണ്ണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതില്‍ എന്തെങ്കിലും പിഴവ് കാണുകയാണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണി, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫലം പ്രഖ്യാപിക്കേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കഴിഞ്ഞ ഒന്നര മാസമായി തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ചെവിക്കൊണ്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക്മനു സിങ്വി കുറ്റപ്പെടുത്തിയിരുന്നു.

വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതും ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more