| Saturday, 14th December 2019, 11:13 am

'സമ്പദ് വ്യവസ്ഥ ഐ.സി.യുവിലേക്ക്'; ഇന്ത്യ നേരിടുന്ന എക്കാലത്തെയും വലിയ സാമ്പത്തിക മാന്ദ്യമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എക്കാലത്തെയും വലിയ സാമ്പത്തികമാന്ദ്യമാണ് ഇന്ത്യ നേരിടുന്നതെന്നു മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. സമ്പദ് വ്യവസ്ഥ ഐ.സി.യുവിലേക്കു പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിഷ്‌ക്രിയ ആസ്തികള്‍ മൂലം ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു. 2014-ല്‍ താന്‍ ഉപദേഷ്ടാവായിരിക്കെ ഇങ്ങനെയൊരു പ്രശ്‌നം നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട ഒരു കരട് പ്രവര്‍ത്തന പത്രത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘2018 സെപ്റ്റംബറില്‍ അടിസ്ഥാന സൗകര്യ വികസന-ധനകാര്യ കമ്പനിയായ ഐ.എല്‍. ആന്‍ഡ് എഫ്.എസ് തകര്‍ന്നത് 90,000 കോടിയിലധികം വരുന്ന കടക്കെണി മൂലം മാത്രമല്ല. വിപണി സജീവമാക്കാത്തതും എന്‍.ബി.എഫ്.സി മേഖലയെ കൃത്യമായി വിലയിരുത്താതിരുന്നതും കൂടിയാണ്.

വിപണിയിലെ കണ്ടെത്തന്‍ അത്യധികം ആശങ്കയുണ്ടാക്കുന്നതാണ്. എന്‍.ബി.എഫ്.സിയില്‍ ഭൂരിഭാഗവും അടുത്തകാലത്ത് ഒരു പ്രത്യേക വ്യവസായത്തിലാണു ശ്രദ്ധ കൊടുത്തിരിക്കുന്നത്- റിയല്‍ എസ്റ്റേറ്റ്- അതാകട്ടെ, ആപത്കരമായ സാഹചര്യത്തിലും.

2019 ജൂണ്‍ അവസാനത്തോടെ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടു നഗരങ്ങളിലെ വില്‍ക്കപ്പെടാത്ത വീടുകളുടെയും ഫ്‌ളാറ്റുകളുടെയും എണ്ണം 10 ലക്ഷത്തോളമായി. ഇതിന്റെ വില എട്ടുലക്ഷം കോടി രൂപയും.

4.5 ശതമാനത്തിലേക്ക് ജി.ഡി.പി താഴ്ന്നതു മാത്രമല്ല ആശങ്കപ്പെടുത്തുന്നത്. ഇനിയും കണക്കാക്കാത്ത ഡാറ്റയാണ്. ഉപഭോഗ വസ്തുക്കളുടെ ഉത്പാദനം താത്കാലികമായി നിലച്ചിരിക്കുകയാണ്. നിക്ഷേപ വസ്തുക്കളുടെ ഉത്പാദനമാകട്ടെ, താഴേക്കു പോകുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കയറ്റുമതി, ഇറക്കുമതി, സര്‍ക്കാര്‍ വരുമാനങ്ങള്‍ എന്നിവയുടെ സൂചികകളെല്ലാം നെഗറ്റീവിലേക്കാണ് എത്തുന്നത്. ഈ സൂചികകളെല്ലാം സമ്പദ് വ്യവസ്ഥയുടെ രോഗാതുരമായ അവസ്ഥയെ കാണിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

ഐ.എം.എഫ് ഇന്ത്യയുടെ മുന്‍ തലവന്‍ ജോഷ് ഫെല്‍മാനും അരവിന്ദിനൊപ്പം ഇതില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹവും സമാനമായ അഭിപ്രായമാണ് ഇന്ത്യന്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു നടത്തിയത്.

2014-ലുണ്ടായ ബാലന്‍സ് ഷീറ്റ് പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും അതിനു പുറമെയാണ് രണ്ടാമതും പ്രശ്‌നമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വിലയും ചെറിയ വായ്പയുമാണ് സമ്പദ് വ്യവസ്ഥയെ താഴേക്കു നയിച്ചതെന്നും ഫെല്‍മാന്‍ അഭിപ്രായപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more