| Wednesday, 30th November 2022, 3:50 pm

ക്രിക്കറ്റ് താരമായിട്ടല്ല, അയാളുടെ വീട്ടുവേലക്കാരനായിട്ടാണ് എന്നെ കണ്ടിരുന്നത്; മുൻ ക്യാപ്റ്റനെതിരെ വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാൻ ക്രിക്കറ്റർ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ നായകനും സഹതാരവുമായിരുന്ന വസീം അക്രം. താൻ ജൂനിയറായി ടീമിലെത്തിയപ്പോൾ സലീം മാലിക്ക് ഒരു വേലക്കാരനെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നും അദ്ദേഹം വളരെ സ്വാർത്ഥനായിരുന്നെന്നുമാണ് അക്രം പറഞ്ഞത്.

താരം തന്റെ ആത്മകഥയായ ‘സുൽത്താൻ; എ മെമോയർ’ എന്ന പുസ്തകത്തിലൂടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

”ഞാൻ പുതുമുഖമാണെന്നത് സലീം മാലിക്ക് മുതലെടുത്തു. അയാളുടേത് മോശം പെരുമാറ്റമായിരുന്നു, സ്വാർത്ഥനായിരുന്നു. ഒരു വേലക്കാരനെപ്പോലെയാണ് എന്നോട് പെരുമാറിയത്.

എന്നോട് മസാജ് ചെയ്തുനൽകാൻ ആവശ്യപ്പെടുമായിരുന്നു. അയാളുടെ വസ്ത്രങ്ങളും ഷൂസും വൃത്തിയാക്കാനും കല്പിച്ചു,’ അക്രം ആത്മകഥയിൽ കുറിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, അക്രത്തിന്റെ ആരോപണങ്ങളെല്ലാം സലീം മാലിക്ക് നിഷേധിച്ചു. അക്രം സ്വന്തം പുസ്തകത്തിന്റെ പ്രമോഷന് വേണ്ടി ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നാണ് മാലിക്കിന്റെ പ്രതികരണം.

”ഞാൻ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും കോൾ എടുത്തില്ല. ഇങ്ങനെയൊക്കെ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്,’ സലീം മാലിക് പറഞ്ഞു.

താൻ സ്വാർത്ഥനും സങ്കുചിതമായി ചിന്തിക്കുന്നയാളും ആയിരുന്നെങ്കിൽ അക്രത്തിന് പന്തെറിയാൻ അവസരം നൽകുമായിരുന്നില്ലെന്നും തന്നെക്കുറിച്ച് എന്ത് കൊണ്ട് ഇങ്ങനെയൊക്കെ എഴുതിയെന്ന് തനിക്കറിയണമെന്നും മാലിക് കൂട്ടിച്ചേർത്തു.

1992 മുതൽ 1995 വരെയാണ് മാലിക്കിന്റെ ക്യാപ്റ്റൻസിയിൽ അക്രം കളിച്ചത്. ഇരുതാരങ്ങളും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് അന്ന് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Content Highlights: Former captain Wasim Akram has made alarming revelations in his book about Salim Malik

We use cookies to give you the best possible experience. Learn more