ലണ്ടന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ ഓഫീസ് കുളിമുറിയില്‍ വോയ്സ് റെക്കോഡര്‍ സ്ഥാപിച്ചുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നെതന്യാഹു കുളിമുറി ഉപയോഗിച്ചതിന് ശേഷമാണ് ഉപകരണം സ്ഥലത്തുനിന്ന് കണ്ടെത്തിയതെന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്. 2017ലാണ് സംഭവം നടന്നത്.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നെതന്യാഹു. യോഗത്തിനിടെ ബാത്റൂമില്‍ പോകാന്‍ നെതന്യാഹു അനുമതി തേടുകയായിരുന്നുവെന്നാണ് ബോറിസ് പറയുന്നത്. തുടര്‍ന്ന് നെതന്യാഹു പുറത്തിറക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവായി നടത്തുന്ന പരിശോധനക്കിടയിലാണ് ഉപകരണം കണ്ടെത്തിയത്.
‘അണ്‍ലീഷ്ഡ്’ എന്ന തന്റെ ആത്മകഥയിലാണ് ബോറിസ് ജോണ്‍സന്റെ വെളിപ്പെടുത്തല്‍. സംഭവം നടക്കുമ്പോള്‍ ബോറിസ് ജോണ്‍സണ്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു. ‘ബിബി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബോറിസ് ജോണ്‍സണ്‍ നെതന്യാഹുവിനെതിരെ ആരോപണം ഉയര്‍ത്തിയത്. ഒക്ടോബര്‍ പത്തിനായിരിക്കും അണ്‍ലീഷ്ഡ് ഔദ്യോഗികമായി പുറത്തിറങ്ങുക.
സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രഈലി സര്‍ക്കാരിനോട് ബ്രിട്ടന്‍ ഭരണകൂടം വിശദീകരണം തേടിയോ എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണം കണ്ടെത്തിയതിന് പിന്നാലെ താന്‍ ‘പുള്ളി കൊള്ളാം’ എന്ന് പറഞ്ഞിരുന്നതായും ആശ്ചര്യപ്പെട്ടുപോയെന്നും ബോറിസ് വെളിപ്പെടുത്തുന്നു. ഒരുപക്ഷെ ഈ സംഭവം യാദൃശ്ചികമാകാമെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം നെതന്യാഹുവിനെതിരെ സമാനമായ ആരോപണം യു.എസും ഉയര്‍ത്തിയിരുന്നു. വൈറ്റ് ഹൗസിനും സമീപ പ്രദേശങ്ങളിലുമായി ഫോണ്‍ ചോര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതിനുപിന്നില്‍ ഇസ്രഈലാണെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മൊസാദുമായി വര്‍ഷങ്ങളോളം ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ നെതന്യാഹുവിനെതിരെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള കെണിയായിരുന്നുവെന്നാണ് അന്ന് ഈ നീക്കത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. എന്നാല്‍ യു.എസിലെ ഇസ്രഈല്‍ എംബസി യു.എസിന്റെ പ്രതികരണത്തെ വിഡ്ഢിത്തം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
2020ല്‍ നെതന്യാഹുവും പങ്കാളി സാറയും യു.എസിലേക്ക് വരുമ്പോള്‍ പതിവായി ഒന്നിലധികം ബാഗുകളും സ്യൂട്ട്‌കേസുകളും മുഷിഞ്ഞ വസ്ത്രങ്ങളും കൊണ്ടുവന്നിരുന്നെന്ന് ഒരു വൈറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. യു.എസിന്റെ ചെലവില്‍ അലക്കി വെളുപ്പിക്കാനായിരുന്നു മുഷിഞ്ഞ വസ്ത്രങ്ങള്‍ നെതന്യാഹു യു.എസില്‍ എത്തിച്ചിരുന്നത്.
പിന്നീട് നടന്ന പരിശോധനയില്‍ ഇത് മനഃപൂര്‍വം ചെയ്യുന്നതാണെന്ന് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Content Highlight: Former British Prime Minister Boris Johnson Says Netanyahu Installed Voice Recorder In His Office Bathroom