ഡേവിഡ് കാമറൂണ്‍ രാഷ്ട്രീയം വിടുന്നു; എം.പി സ്ഥാനം രാജിവെച്ചു
Daily News
ഡേവിഡ് കാമറൂണ്‍ രാഷ്ട്രീയം വിടുന്നു; എം.പി സ്ഥാനം രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2016, 7:00 am

മുന്‍ പ്രധാനമന്ത്രിയായ താന്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാരിന് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനാണ് എം.പി സ്ഥാനം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.


ലണ്ടന്‍: ബ്രക്‌സിറ്റിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രാധാനമന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്ന ഡേവിഡ് കാമറൂണ്‍ രാഷ്ട്രീയം വിട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്റ് അംഗത്വം രാജിവച്ചു.

മുന്‍ പ്രധാനമന്ത്രിയായ താന്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാരിന് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനാണ് എം.പി സ്ഥാനം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ഇപ്പോള്‍ പിന്‍ബഞ്ചുകാരനാണെങ്കിലും തന്റെ ചെറിയ പ്രവര്‍ത്തനങ്ങള്‍പോലും പുതിയ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകാം. ഇത് ഒഴിവാക്കുകയാണ് രാജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിവരിച്ചു.

കാമറൂണിന്റെ രാജി അദ്ദേഹത്തിന്റെ മണ്ഡലമായ ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വിറ്റ്‌നിയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കും. ആഭ്യന്തര കലഹം രൂക്ഷമായ ലേബര്‍പാര്‍ട്ടിക്കും ബ്രക്‌സിറ്റില്‍ കുരുങ്ങിക്കിടക്കുന്ന ഭരണകക്ഷിയായ ടോറി (കണ്‍സര്‍വേറ്റീവ്) പാര്‍ട്ടിക്കും ഇത് അഗ്‌നിപരീക്ഷണമാകും.

ഉറച്ച ടോറി മണ്ഡലമായ വിറ്റ്‌നിയില്‍നിന്നും 2001 മുതല്‍ തുടര്‍ച്ചയായി ജയിക്കുന്ന കാമറൂണ്‍ 2015ല്‍ 25,155 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചാണ് പ്രധാനമന്ത്രിയായത്.

ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടെടുത്ത കാമറൂണ്‍ ഈ നിലപാട് ജനം തള്ളിയതോടെ ജൂണ്‍ 24നാണ് പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പാര്‍ട്ടി പുതിയ നേതാവായി തെരേസ മേയെ തെരെഞ്ഞെടുത്തതോടെ അധികാരം വിട്ടൊഴിഞ്ഞു.

ഒരുമാസത്തിലേറെയായി കേവലം എം.പിയായി തുടര്‍ന്ന അദ്ദേഹം ഏറെ ആലോചനകള്‍ക്കൊടുവിലാണ് സജീവ രാഷ്ട്രീയം വിടാന്‍ തീരുമാനിച്ചത്. 49കാരനായ കാമറൂണ്‍ 2005ല്‍ കേവലം 39 വയസ് പ്രായമുള്ളപ്പോഴാണ് ടോറി പാര്‍ട്ടിയുടെ നേതാവായി തെരെഞ്ഞെടുക്കപ്പെട്ട് പ്രതിപക്ഷ നേതാവായത്.