| Friday, 11th November 2022, 12:49 pm

ടിറ്റെക്ക് തെറ്റില്ല, കിടിലന്‍ സ്‌ക്വാഡിനെയല്ലേ ഇറക്കുന്നേ, എങ്കിലും അര്‍ജന്റീന; ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മുന്‍ ബ്രസീലിയന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന് തിരിതെളിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഓരോ ടീമുകളും തങ്ങളുടെ 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് വരികയാണ്. നവംബര്‍ 14 ആണ് ലോകകപ്പിനുള്ള ടീമിന്റെ അന്തിമ ലിസ്റ്റ് കൈമാറാനുള്ള അവസാന തീയതി.

വേള്‍ഡ് കപ്പിന് മുന്നോടിയായുള്ള അലങ്കാരങ്ങളും ആഘോഷങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍, മറുവശത്ത് ലോകകപ്പ് ഫേവറിറ്റുകളെക്കുറിച്ചുള്ള പ്രവചനവും നടക്കുന്നുണ്ട്. ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ബ്രസീലിയന്‍ ഇതിഹാസം റിക്കാര്‍ഡോ കക്ക.

നിലവിലെ ടീമുകളില്‍ ഏറ്റവും ശക്തരും തന്റെ മുന്‍ ക്ലബ്ബുമായ ബ്രസീലിനെ തന്നെയാണ് നമ്പര്‍ വണ്‍ ഫേവറിറ്റായി കക്ക തെരഞ്ഞെടുത്തത്. ഗസെറ്റ ഡെല്ലോ സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ലോകകപ്പ് ഫേവറിറ്റുകളെ കുറിച്ച് സംസാരിച്ചത്.

”ബ്രസീലാണ് ഫേവറിറ്റ്, കാരണം കുറേ കാലമായി അവര്‍ അതിന്് വേണ്ട പണിയെടുക്കുന്നുണ്ട. ടിറ്റെയെ നിയമിച്ചത് ശരിയായ തീരുമാനമായിരുന്നു, യുവാക്കളെയും പരിചയസ്ഥരെയും ഇടകലര്‍ത്തി സ്‌ക്വാഡ് ഉണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മറ്റ് രണ്ട് മികച്ച ടീമുകള്‍ അര്‍ജന്റീനയും ഫ്രാന്‍സുമാണ്,’ കക്ക പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ ഏത് ടീമിനും വെല്ലുവിളിയാകുന്ന തരത്തിലാണ് ടിറ്റെ ബ്രസീലിന്റെ പടയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ചെയ്ത് കളിക്കാന്‍ തന്നെയാണ് ഇത്തവണ ടീമിന്റെ തീരുമാനമെന്നാണ് സ്‌ക്വാഡ് പ്രഖ്യാപനത്തില്‍ നിന്നും മനസിലാകുന്നത്.

സൂപ്പര്‍ താരങ്ങളായ തിയാഗോ സില്‍വ, കാസിമെറോ, നെയ്മര്‍ തുടങ്ങിയ കരുത്തര്‍ അടങ്ങുന്നതാണ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെ പട.

പരിചയ സമ്പന്നരായ താരങ്ങളുടെ വമ്പന്‍ നിരതന്നെയാണ് കാനറികള്‍ക്കൊപ്പമുള്ളത്. റയല്‍ മാഡ്രിഡ് സൂപ്പര്‍ ഡുവോ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ബ്രസീലിനൊപ്പം ഖത്തറിലേക്കെത്തും. പുതിയ ക്ലബ്ബില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ലെങ്കിലും ബാഴ്സ താരം റാഫീന്യയും ടീമിനൊപ്പം ചേരും.

ആഴ്സണല്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ടീമില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ഈ ആശങ്ക അകന്നു. സീസണില്‍ അഞ്ച് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ മാര്‍ട്ടിനെല്ലി പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ഡിഫന്‍സിനെ നയിക്കുന്ന തിയാഗോ സില്‍വക്കൊപ്പം മാര്‍ക്വിന്യോസും ഡാനി അല്‍വസും അലക്സ് സാന്‍ഡ്രോയും പ്രതിരോധത്തിന്റെ കോട്ടമതില്‍ തീര്‍ക്കും.

സാംബാ താളത്തിന്റെ കരുത്തുമായി മധ്യനിരയെ നയിക്കുന്നത് കാസെമിറോ തന്നെയായിരിക്കും. മുന്നേറ്റ നിരയില്‍ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ നിര തന്നെയുണ്ടെങ്കിലും പ്രതീക്ഷയുടെ ഭാരം മുഴുവന്‍ നെയ്മറിന്റെ ചുമലില്‍ തന്നെയായിരിക്കും.

ഗോള്‍വലക്ക് മുമ്പില്‍ വെവര്‍ട്ടണേയും എഡേഴ്സണേയും അലിസണ്‍ ബെക്കറിനെയുമാകും എതിരാളികള്‍ക്ക് നേരിടാനുള്ളത്. 2002ല്‍ തങ്ങളുടെ അവസാന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ബ്രസീല്‍, 20 വര്‍ഷത്തിന് ശേഷം വിശ്വകിരീടം സ്വന്തമാക്കാന്‍ സജ്ജരായാണ് ഖത്തറിലെത്തുക.

സെര്‍ബിയക്കും സ്വിറ്റ്‌സര്‍ലാന്‍ഡിനും കാമറൂണിനുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് ബ്രസീല്‍. നവംബര്‍ 24നാണ് അരങ്ങേറ്റ മത്സരം. നവംബര്‍ 28നും ഡിസംബര്‍ രണ്ടിനുമാണ് ബ്രസീലിന്റെ മറ്റു മത്സരങ്ങള്‍.

Content Highlights: Former Brazilian Legend Ricardo Kaka predicts Qatar world Cup favorites

We use cookies to give you the best possible experience. Learn more