| Thursday, 5th January 2023, 6:29 pm

നല്ല സ്ഥലത്താണ് റോണോ തല വെച്ചുകൊടുത്തത്! 'ഇവനോളം വൃത്തികെട്ട ഒരുത്തനെ എന്റെ കരിയറില്‍ കണ്ടിട്ടില്ല'; അല്‍ നസര്‍ കോച്ചിനെതിരെ ബ്രസീലിയന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ ക്ലബ്ബായ അല്‍ നസറിന്റെ മാനേജര്‍ റൂഡി ഗാര്‍ഷിയയെ രൂക്ഷമായി വിമര്‍ശിച്ച് ബ്രസീലിയന്‍ ഇതിഹാസ താരം ജൂനിയോ പെര്‍നാമ്പ്യുകാനോ. താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശം സ്വഭാവത്തിനുടമയാണ് ഗാര്‍ഷിയയെന്നാണ് പെര്‍നാമ്പ്യുകാനോ പറയുന്നത്.

ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം ജനുവരി മൂന്നിനാണ് ക്രിസ്റ്റിയാനോ അല്‍ നസറിലെത്തിയത്. രണ്ടര വര്‍ഷത്തേക്കാണ് താരം അല്‍ നസറുമായി കരാറിലെത്തിയത്. പ്രതിവര്‍ഷം 175 മില്യണ്‍ യൂറോയാണ് പ്രതിഫലം.

നേരത്തെ ഗാര്‍ഷിയ ഒളിമ്പിക് ലിയോണിന്റെ കോച്ചായിരുന്ന സമയത്തെ അനുഭവത്തെ കുറിച്ചാണ് പെര്‍നാമ്പ്യുകാനോ പറയുന്നത്. ആ സമയത്ത് താരം ഒളിമ്പിക് ലിയോണിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായിരുന്നു.

2019-2021 കാലത്തായിരുന്നു ഗാര്‍ഷിയ ഒളിമ്പിക് ലിയോണിനെ പരിശീലിപ്പിച്ചത്.

റൂഡി ഗാര്‍ഷിയയെ പോലെ മോശം സ്വഭാവമുള്ള ഒരാളെ ഇതുവരെ തന്റെ ഫുട്‌ബോളില്‍ കരിയറില്‍ കണ്ടിട്ടില്ലെന്നാണ് പെര്‍നാമ്പ്യുകാനോ പറയുന്നത്.

പോര്‍ച്ചുഗീസ് ഔട്ട്‌ലെറ്റായ മയേസ്ഫുച്‌ബോളിന് (MiasFutebol) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘റൂഡി ഗാല്‍ഷിയക്കൊപ്പമുള്ള എന്റെ അനുഭവം വളരെ ഭീകരമായിരുന്നു. ഞാന്‍ എന്റെ ഫുട്‌ബോള്‍ കരിയറില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വൃത്തികെട്ട സ്വഭാവമുള്ളത് ഇയാള്‍ക്കാണ്.

അവന് ഒരു കാര്യവും മുന്നില്‍ നിന്ന് നയിക്കാന്‍ അറിയില്ല. മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭയം കൊണ്ടാണ് അവന്‍ ഒരു ലീഡറായി നില്‍ക്കുന്നത്. അധികാരമുള്ളവനെയോ ബന്ധങ്ങളെ മുതലെടുക്കാന്‍ കഴിയുന്നവനെയോ മാത്രമേ അയാള്‍ക്ക് ബഹുമാനിക്കാന്‍ അറിയൂ,’ പെര്‍നാമ്പ്യുകാനോ പറയുന്നു.

എന്നാല്‍ ക്രിസ്റ്റ്യാനോയുമായി നല്ല ബന്ധം പുലര്‍ത്താനാകും ഗാര്‍ഷിയ ശ്രമിക്കുകയെന്നും പെര്‍നാമ്പ്യുകാനോ പറഞ്ഞു.

‘വേണമെങ്കില്‍ അവന്‍ റൊണാള്‍ഡോക്ക് ബ്രേക്ക് ഫാസ്റ്റ് വരെ വിളമ്പിക്കൊടുക്കും. അവന്‍ ക്രിസ്റ്റ്യാനോയുടെ സുഹൃത്താകാന്‍ ശ്രമിക്കും, അതിനായി ചെയ്യാന്‍ സാധിക്കുന്നതൊക്കെ അവന്‍ ചെയ്യും. ക്രിസ്റ്റ്യാനോയുടെ സുഹൃത്തായിരിക്കുക എന്നത് അവനെ സംബന്ധിച്ച് സ്വപ്‌നതുല്യമായിരിക്കും,’ പെര്‍നാമ്പ്യുകാനോ കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്ലബ്ബില്‍ എത്തിച്ചേര്‍ന്നെങ്കിലും റൊണാള്‍ഡോക്ക് ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ് എതിരായ മത്സരത്തില്‍ 14കാരനായ ആരാധകനോട് റോണോ മോശമായി പെരുമാറുകയും ഫോണ്‍ തട്ടി മാറ്റുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം ആരംഭിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ റോണോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 50000 പൗണ്ട് പിഴയും 2 മത്സരങ്ങളില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്ത് വന്നെങ്കിലും ഇനി കളിക്കുന്ന ഏത് ലീഗിലെയും ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ഈ വിലക്ക് ബാധകമാകും.

ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ റൂള്‍ മൂന്ന് അനുസരിച്ചാണ് ഈ വിലക്ക് ബാധകമാവുക.

Content highlight: Former Brazil superstar about Al Nassr’s coach Rudy Garcia

We use cookies to give you the best possible experience. Learn more