പി.എസ്.ജിയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവരുന്നതിനിടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയമറിനെ കടന്നാക്രമിച്ച് മുന്‍ ബ്രസീല്‍ താരം വാള്‍ട്ടര്‍ കാസെഗ്രാന്‍ഡെ. കിലിയന്‍ എംബാപെയും നെയ്മറും ഒരുപോലെ സ്വാര്‍ത്ഥരും അഹങ്കാരികളുമാണെങ്കിലും ബ്രസീല്‍ താരത്തിനാണ് കൂടുതല്‍ വഞ്ചനാപരമായ പെരുമാറ്റമുള്ളതെന്നും വാള്‍ട്ടര്‍ ആരോപിച്ചു.
ഓഗസ്റ്റ് 14ന് മോണ്ട്‌പെല്ലിയറിനെതിരായ മത്സരത്തില്‍ പി.എസ്.ജി 5-2ന് ജയിച്ചിരുന്നു. മത്സരത്തില്‍ ആദ്യം പി.എസ്.ജി നേടിയ പെനാല്‍ട്ടി എംബാപെ നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെസി നേടിയെടുത്ത പെനാല്‍ട്ടി നെയ്മര്‍ അടിക്കുകയും ഗോള്‍ സ്‌കോര്‍ ചെയ്യുകയുമായിരുന്നു.
ആ പെനാല്‍ട്ടിയും താന്‍ എടുത്തുകൊള്ളാം എന്ന് എംബാപെ നെയ്മറിനോട് പറഞ്ഞെങ്കിലും നെയ്മര്‍ അതിന് സമ്മതിക്കാതെ കിക്ക് എടുക്കുകയായിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം ഇതില്‍ ഒട്ടും തൃപ്തനായിരുന്നില്ല.
കളിക്കളത്തിലെ പ്രശ്‌നം ഇരുവരും ചേര്‍ന്ന് ഡ്രസ്സിങ് റൂമിലെത്തിച്ചെന്നും അവസാനം സെര്‍ജിയോ റാമോസ് ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നു എന്നാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന് പിന്നാലെയാണ് നെയ്മര്‍ അഹങ്കാരിയും സ്വാര്‍ത്ഥനുമാണെന്ന പ്രസ്താവനയുമായി വാള്‍ട്ടര്‍ രംഗത്തെത്തിയത്.
വാള്‍ട്ടര്‍ കാസെഗ്രാന്‍ഡെ
‘എന്നെ സംബന്ധിച്ചിടത്തോളം പി.എസ്.ജിയില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടാനില്ല. കഴിഞ്ഞ വര്‍ഷം നെയ്മറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കഴിഞ്ഞ വര്‍ഷം ആരാധകര്‍ക്ക് നെയ്മറിനെ വേണ്ടായിരുന്നു. പി.എസ്.ജിക്കും നെയ്മറിനെ വേണ്ടായിരുന്നു.
ഒരുപാട് അധികാരം കയ്യില്‍ കിട്ടിയപ്പോഴാണ് എംബാപെ ടീമില്‍ നിന്നത്. നെയ്മര്‍ കരുതുന്നത് അവനാണ് ഏറ്റവും മികച്ചവന്‍ എന്നാണ്. എന്നാല്‍ അവന്‍ യഥാര്‍ത്ഥത്തില്‍ അഹങ്കാരിയും സ്വാര്‍ത്ഥനുമാണ്,’ വാള്‍ട്ടര്‍ പറയുന്നു.
എംബാപെയെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റ് ലൈക്ക് ചെയ്തതിനും വാള്‍ട്ടര്‍ നെയ്മറിനെ വിമര്‍ശിച്ചിരുന്നു.
‘നെയ്മര്‍ കളിയില്‍ മോശമായിരുന്നപ്പോള്‍ അവനൊന്നും മിണ്ടാനുണ്ടായിരുന്നില്ല. എന്നാല്‍ അവന്‍ മികച്ച കളി പുറത്തെടുത്തിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ എന്നെ ചൊടിപ്പിക്കുന്നത് അവന്‍ എംബാപെയ്‌ക്കെതിരെയുള്ള പോസ്റ്റ് ലൈക്ക് ചെയ്തു എന്നതാണ്.
നെയ്മര്‍ എംബാപെയേക്കാള്‍ മികച്ച രീതിയില്‍ പെനാല്‍ട്ടിയെടുക്കും എന്നതില്‍ തര്‍ക്കമില്ല. അവര്‍ രണ്ട് പേരും ആവശ്യത്തിലധികം പൊങ്ങച്ചം കാണിക്കുന്നവരാണ്. പക്ഷേ നെയ്മറിനാണ് എംബാപെയേക്കാള്‍ കൂടുതല്‍ വഞ്ചനാത്മകമായ സ്വഭാവമുള്ളത്,’ വാള്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പി.എസ്.ജിയിലെ താരങ്ങള്‍ക്കിടയിലെ പോര് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. എന്നിരുന്നാലും ടീം ഗെയിമിനെ ബാധിക്കരുതെന്നാണ് എല്ലാവരും പറയുന്നത്.
ലീഗ് വണ്ണില്‍ ലില്ലെ (എല്‍.ഒ.എസ്.സി)യുമായിട്ടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. കളിച്ച രണ്ട് കളിയിലും ജയിച്ച് ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പി.എസ്.ജി. ഒന്ന് വീതം ജയവും സമനിലയുമായി നാല് പോയിന്റോടെ മൂന്നാമതാണ് ലില്ലെ.
Content Highlight: Former Brazil star slams Neymar