ഫുട്‌ബോള്‍ ലോകപ്പിലെ ഫാന്‍ ഫേവറിറ്റുകളാണ് ബ്രസീല്‍. ഇത്തവണ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീല്‍ ചാമ്പ്യന്‍മാരാവുമെന്നുതന്നെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീല്‍ തന്നെയാണ് ഫാന്‍ ഫേവറിറ്റുകളും. സൂപ്പര്‍ താരങ്ങളടങ്ങിയ സൂപ്പര്‍ സ്‌ക്വാഡുമായി തന്നെയാവും ബ്രസീല്‍ ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്നത്.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ തന്നെയാണ് ബ്രസീലിന്റെ പോയിന്റ് ഓഫ് അട്രാക്ഷന്‍. ബ്രസീലിന് ആറാം കിരീടം നേടിക്കൊടുക്കണമെന്ന വാശിയില്‍ തന്നെയായിരിക്കും നെയമറും സംഘവും മൈതാനത്തേക്കിറങ്ങുന്നത്.
ഇപ്പോഴിതാ, നെയ്മറിന് ബ്രസീലിനെ ഒരിക്കല്‍ക്കൂടി കിരീടം ചൂടിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ. പൂര്‍ണസജ്ജനായിട്ടാണ് നെയ്മര്‍ കളത്തിലിറങ്ങുന്നതെങ്കില്‍ ബ്രസീലിന്റെ സാധ്യതകള്‍ അനന്തമാണെന്നും റൊണാള്‍ഡോ പറഞ്ഞു.
‘ഏതൊരു ടൂര്‍ണമെന്റിലും ബ്രസീല്‍ കിരീടസാധ്യത കല്‍പ്പിക്കുന്ന ടീം തന്നെയാണ്. കാരണം അത്രയും ടാലന്റുകളാണ് നമ്മള്‍ക്കൊപ്പമുള്ളത്. അക്കാരണംകൊണ്ടുതന്നെ ഈ ലോകകപ്പും വ്യത്യാസമാവില്ല.
നെയ്മര്‍ നൂറ് ശതമാനവും സജ്ജനും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ ഈ വേള്‍ഡ് കപ്പില്‍ ബ്രസീലിന്റെ സാധ്യത വളരെ വലുതാണ്.
നിരവധി മികച്ച താരങ്ങള്‍ ബ്രസീലിനുണ്ട്. ബ്രസീലിന് ആറാം കിരീടം നേടാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്, അതില്‍ നിര്‍ണായകമാവുന്നത് നെയ്മര്‍ ജൂനിയര്‍ തന്നെയായിരിക്കും,’ അദ്ദേഹം പറഞ്ഞു.
സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍.
നവംബര്‍ 25നാണ് ബ്രസീലിന്റെ ആദ്യ മത്സരം. സെര്‍ബിയ ആണ് എതിരാളികള്‍. ശേഷം നവംബര്‍ 28ന് സ്വിറ്റ്‌സര്‍ലന്‍ഡായും ഡിസംബര്‍ മൂന്നിന് കാമറൂണിനോടും ബ്രസീല്‍ ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് ടേബിളിലെ ആദ്യ രണ്ട് ടീം മുന്നോട്ട് കുതിക്കും.
കഴിഞ്ഞ ലോകകപ്പിലും സമാനമായ ഗ്രൂപ്പിലായിരുന്നു ബ്രസീല്‍. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ ഗ്രൂപ്പ് ഘട്ട മത്സരം കളിച്ചത്.
Content Highlight: Former Brazil star Ronaldo says Neymar can win 6th World Cup for Brazil