| Thursday, 6th October 2022, 3:51 pm

ഫുട്‌ബോള്‍ ദൈവങ്ങള്‍ ഞങ്ങള്‍ക്ക് തന്ന നിധിയാണ് മെസി; വണ്ടര്‍ ഗോളിന് പിന്നാലെ മെസിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി – ബെന്‍ഫിക്ക മത്സരം സമനിലിയില്‍ പിരിഞ്ഞെങ്കിലും മെസി ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകയേറെയായിരുന്നു. മെസിയുടെ വണ്ടര്‍ ഗോള്‍ തന്നെയായിരുന്നു അതിനുള്ള പ്രധാന കാരണവും.

മെസി – നെയ്മര്‍ – എംബാപ്പെ ത്രയത്തിന്റെ മികവിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എംബാപ്പെയുടെ പാസ് നേടിയെടുത്ത നെയ്മര്‍ വണ്‍ ടച്ചില്‍ അത് മെസിക്ക് കൈമാറുകയും ഞൊടിയിടയില്‍ മെസിയത് ബെന്‍ഫിക്ക വലയിലാക്കുകയുമായിരുന്നു.

ഒരു നിമിഷം മൂകതയിലമര്‍ന്ന ബെന്‍ഫിക്കയുടെ ഹോം സ്‌റ്റേഡിയത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന മെസിയും സഹതാരങ്ങളുമായിരുന്നു പ്രധാന കാഴ്ച.

മെസിയുടെ സൂപ്പര്‍ ഗോളിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ബാഴ്സ ഫുട്‌ബോള്‍ താരവും അനലിസ്റ്റുമായ ഗാരി ലിനേകര്‍. ഫുട്‌ബോള്‍ ദൈവങ്ങള്‍ അവരുടെ അനുഗ്രഹം തുടരുകയാണെന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം കൂടിയായ ലിനേകര്‍ പറഞ്ഞത്.

‘ഫുട്‌ബോള്‍ ദൈവങ്ങള്‍ അനുഗ്രഹം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. മെസി എന്ന ഗോട്ടില്‍ നിന്നും മറ്റൊരു തകര്‍പ്പന്‍ ഗോള്‍,’ ലിനേകര്‍ പറഞ്ഞു.

ഇതോടെ എട്ട് ഗോളും എട്ട് അസിസ്റ്റുമാണ് സീസണില്‍ മെസി പി.എസ്.ജിക്കായി നേടിയത്.

ബെന്‍ഫിക്കക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും മെസിയെ തേടിയെത്തിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ 40 വ്യത്യസ്ത ടീമിനെതിരെ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസി തന്റെ പേരിലാക്കിയത്.

എന്നിരുന്നാലം രണ്ടാം പകുതിക്ക് മുമ്പ് വഴങ്ങിയ ഒരു ഗോളില്‍ പി.എസ്.ജിക്ക് വിജയം നഷ്ടമായിരുന്നു. മത്സരത്തിന്റെ 41ാം മിനിട്ടിലാണ് ബെന്‍ഫിക്ക സമനില പിടിച്ചത്.

പി.എസ്.ജി താരം ഡാനിലോയുടെ പിഴവില്‍ നിന്നുമായിരുന്നു ബെന്‍ഫിക്ക സ്‌കോര്‍ ചെയ്തത്. പി.എസ്.ജി താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു ലീഗ് വണ്‍ വമ്പന്‍മാരെ ജയത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്.

കഴിഞ്ഞ ദിവസം നടന്ന കളിയില്‍ സമ്പൂര്‍ണ ആധിപത്യം പി.എസ്.ജിക്കായിരുന്നു. ബോള്‍ പൊസെഷനും പാസിങ്ങിലും ഷോട്സിലുമെല്ലാം പി.എസ്.ജി തന്നെയായിരുന്നു മുന്നിട്ട് നിന്നത്.

ബെന്‍ഫിക്കക്കെതിരായ മത്സരത്തില്‍ നേടിയത് സമനിലയാണെങ്കിലും ഗ്രൂപ്പ് എച്ച് സ്റ്റാന്‍ഡിങ്സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പി.എസ്.ജിക്കായി. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റാണ് പി.എസ്.ജിക്കുള്ളത്.

രണ്ട് ജയവും ഒരു സമനിലയുമായി ബെന്‍ഫിക്കയാണ് രണ്ടാമത്. ആകെ നേടിയ ഗോളുകളുടെ എണ്ണമാണ് പി.എസ്.ജിക്ക് തുണയായത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമായി യുവന്റസാണ് മൂന്നാമത്. നാലാമതുള്ള മക്കാബി ഹൈഫക്ക് ഒരു ജയം പോലും ഇനിയും നേടാനായിട്ടില്ല.

ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്ക തന്നെയാണ് പി.എസ്.ജിയുടെ അടുത്ത എതിരാളികള്‍. ഒക്ടോബര്‍ 12 ബുധനാഴ്ചയാണ് മത്സരം.

Content highlight: Former Brazil star praises Lionel Messi

We use cookies to give you the best possible experience. Learn more