ബ്രസീലിയ: ഔദ്യോഗിക പദവിയിലിരിക്കെ അനുമതിയില്ലാതെ സൗദി അറേബ്യയില്‍ നിന്ന് ആഭരണങ്ങളും സമ്മാനങ്ങളും സ്വീകരിച്ചെന്ന ആരോപണങ്ങളെ തള്ളി മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ.
പ്രസിഡന്റായിരിക്കെ ഭാര്യ മിഷേല്‍ ബോള്‍സൊനാരെയോടൊപ്പം നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ 3.19 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ സൗദി സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചെന്നും ബ്രസീല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ രാജ്യത്തേക്ക് കടത്തിയെന്നുമാണ് ആരോപണമുയര്‍ന്നത്.
ഇതിനെ നിരാകരിച്ചാണ് തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ജെയര്‍ ബോള്‍സൊനാരോ നേരിട്ട് രംഗത്തെത്തിയത്. സി.എന്‍.എന്‍ ബ്രസീലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യാത്ത സമ്മാനത്തെക്കുറിച്ചാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നിയമത്തിന് വിരുദ്ധമായി ഞാനൊന്നും ചെയ്തിട്ടില്ല. ഇനിയൊട്ട് ചെയ്യാനും പോകുന്നില്ല,’ ബോള്‍സൊനാരോ പറഞ്ഞു.
2021ല്‍ മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ നടത്തിയ പര്യടനത്തിനിടെ ബോള്‍സൊനാരൊ മന്ത്രിസഭയിലെ ഊര്‍ജമന്ത്രി ബെന്റോ അല്‍ബുക്കര്‍ക്കിന്റെ ബാഗില്‍ നിന്നാണ് ആഭരണ ശേഖരം സാവോ പോളോ എയര്‍പോര്‍ട്ട് പൊലീസ് കണ്ടെത്തുന്നത്.
പ്രസിഡന്റ് ബോള്‍സൊനാരെയുടെ അറിവോടെയാണ് ആഭരണങ്ങള്‍ കൊണ്ട് വന്നതെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. ബോള്‍സൊനാരൊ സര്‍ക്കാരില്‍പ്പെട്ട ചിലര്‍ ആഭരണങ്ങള്‍ വിട്ട് കിട്ടാന്‍ രഹസ്യമായി ഉദ്യോഗസ്ഥരെ സമീപിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് ലുല സര്‍ക്കാര്‍ കേസില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. ആരോപണത്തില്‍ സൗദി എംബസി ഔദ്യോഗികമായി വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബോള്‍സൊനാരെയുടെ തീവ്ര വലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കി ലുല ഡി സില്‍വയുടെ ഇടതുപക്ഷ മുന്നണി വീണ്ടും അധികാരത്തിലെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് ബോള്‍സൊനാരോ അനുകൂലികള്‍ ബ്രസീല്‍ പാര്‍ലമെന്റ് ആക്രമിക്കുകയും സുപ്രീം കോടതിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
തെനഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം അമേരിക്കയിലേക്ക് കടന്ന ബോള്‍സൊനാരോ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകളുളളത്.
Content Highlight: Former Brazil president Bolsonaro denies allegations