ഫുട്ബോളിൽ റൊണാൾഡോക്ക് മുകളിലാണ് അവന്റെ സ്ഥാനം: മുൻ ബ്രസീലിയൻ താരം
Football
ഫുട്ബോളിൽ റൊണാൾഡോക്ക് മുകളിലാണ് അവന്റെ സ്ഥാനം: മുൻ ബ്രസീലിയൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th August 2024, 9:33 am

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങൾക്കൊന്നും ഒരു അവസരവും നൽകാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ച താരം ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ താരം ജൂലിയോ ബാപിസ്റ്റ. മെസിയും റൊണാള്‍ഡോയും അവിശ്വസനീയമായ താരങ്ങളാണെന്നും എന്നാല്‍ മെസി അല്പം ഉയര്‍ന്നുനില്‍ക്കുമെന്നുമാണ് മുന്‍ ബ്രസീലിയന്‍ താരം പറഞ്ഞത്. ഓഡ്‌സ്പീഡിയയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും അവിശ്വസനീയമായ കളിക്കാരാണ്. പക്ഷേ ഞാന്‍ മെസിയെ അല്പം ഉയര്‍ന്നതായി കണക്കാക്കുന്നു. ഇരുതാരങ്ങളും റയല്‍ മാഡ്രിഡിലും ബാഴ്‌സലോണക്കും വേണ്ടി ഒരേ ലീഗില്‍ കളിച്ചതിനാല്‍ ഇരുവരും തമ്മിൽ അവിശ്വസനീയമായ ഒരു മത്സരം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. റൊണാള്‍ഡോ അവിശ്വസനീയമാണ്, എന്നാല്‍ മെസി ഒരു പ്രതിഭയാണ്. മെസി എട്ട് ബാലണ്‍ ഡി ഓര്‍ നേടിയതെല്ലാം ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് അവര്‍,’ ബാപിസ്റ്റ പറഞ്ഞു.

ഫുട്ബോളിൽ ഐതിഹാസികമായ ഒരു കരിയറാണ് മെസി പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയർ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും മെസി പന്തുതട്ടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകളാക്കായി ഐതിഹാസികമായ നേട്ടങ്ങളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 897 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

 

Content Highlight: Former Brazil Player Talks about Lionel Messi and Cristaino Ronaldo