| Monday, 19th August 2024, 5:47 pm

ഫുട്ബോളിൽ പെലെക്കും മറഡോണക്കുമൊപ്പമാണ് അവന്റെ സ്ഥാനം: മുൻ ബ്രസീൽ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ താരമായ ഫിലിപ്പെ മെലോ. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഏറ്റവും മികച്ച താരമെന്നാണ് മെലോ പറഞ്ഞത്. ബ്രസീലിയന്‍ ഇതിഹാസം പെലെ അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണ എന്നിവരുടെ അതേ ലെവലില്‍ നിര്‍ത്തികൊണ്ടായിരുന്നു ഫിലിപ്പെ സംസാരിച്ചത്.

‘അര്‍ജന്റീനയുടെ മെസിയാണ് ഏറ്റവും മികച്ചത്. പെലേക്കും മറഡോണക്കുമൊപ്പം നില്‍ക്കുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍,’ മെലോയെ ഉദ്ധരിച്ച് ഓലെ റിപ്പോര്‍ട്ട് ചെയ്തു.

ലയണല്‍ മെസിയുടെ കളി ശൈലിയില്‍ മാറ്റം വന്നുവെന്നും കളിയുടെ മറ്റ് മേഖലകളില്‍ സംഭാവന നല്‍കികൊണ്ട് അദ്ദേഹം അര്‍ജന്റീനയില്‍ തുടരുമെന്നും ഫിലിപ്പെ പറഞ്ഞു.

‘മെസിക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വേഗത ഇപ്പോള്‍ ഇല്ല. എന്നാല്‍ അദ്ദേഹത്തിന് കളിയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. ഇപ്പോഴും മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. മെസിക്ക് വേഗത ഇല്ലെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടാണ് മെസി പല തവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയത്,’ മെലോ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സ്മ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തിൽ നേടിയത്.

നിലവില്‍ പരിക്കിന്റെ പിടിയിലായതുകൊണ്ട് മെസിക്ക് ഇന്റര്‍മയാമിക്കൊപ്പമുള്ള കഴിഞ്ഞ കുറച്ചു മത്സരങ്ങള്‍ നഷ്ടമായിരുന്നു. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. കൊളംബിയക്കെതിരെയുള്ള കലാശ പോരാട്ടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മെസി മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുകയായിരുന്നു.

Content Highlight: Former Brazil Player Talks About Lionel Messi

We use cookies to give you the best possible experience. Learn more