ഫുട്ബോള്‍ ലോകത്തെ മികച്ച താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോയുടെ റെക്കോഡ് കുതിപ്പ്. 923 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്.
മാത്രമല്ല നിലവില്‍ ക്ലബ് മത്സരങ്ങളില്‍ ആറ് മാസത്തെക്ക് അല്‍ നസറുമായി റോണോ തന്റെ കരാര്‍ പുതിക്കിയിട്ടുണ്ട്. അല്‍ നസറിന് വേണ്ടി 97 മത്സരങ്ങളില്‍ നിന്ന് 88 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്.ഫുട്ബോള്‍ ലോകത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ച് തവണ റൊണാള്‍ഡോയ്ക്ക് നേടാനും സാധിച്ചിരുന്നു.
അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഫിഫ ലോകകപ്പില്‍ തന്റെ സാന്നിധ്യമുണ്ടാകും എന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ഇതുവരെ ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത റോണോ വരാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടം ഉയര്‍ത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
അടുത്തിടെ താനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം എന്ന് റോണോ പറയുകയുണ്ടായിരുന്നു. ഇതോടെ മറ്റ് താരങ്ങള്‍ റൊണാള്‍ഡോക്ക് നേരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ബ്രസീല്‍ താരവും പരിശീലകനുമായ സിക്കോ.
എന്നാല്‍ റൊണാള്‍ഡോയെ വെറും ഗോള്‍ നേടുന്ന താരമായിട്ടാണ് മറ്റ് താരങ്ങള്‍ കാണുന്നതെന്ന് സിക്കോ തുറന്ന് പറഞ്ഞു. റൊണാള്‍ഡോക്ക് ജനിക്കുമ്പോള്‍ കിട്ടിയ കഴിവിലൂടെ വളര്‍ന്നവനല്ലെന്നും അവന്‍ ഈ നിലയില്‍ എത്തിയത് അവന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പരിശ്രമം കൊണ്ടാണെന്നും സിക്കോ പറഞ്ഞു.
‘ആളുകള്‍ റൊണാള്‍ഡോയെ കുറിച്ച് സംസാരിക്കുന്നത് അവന്‍ ഒരു ഗോള്‍ സ്‌കോറര്‍ മാത്രമാണെന്നുള്ള നിലയിലാണ്. ആ ധാരണ തെറ്റാണ്. റൊണാള്‍ഡോ വെറുമൊരു കളിക്കാരന്‍ മാത്രമല്ല, ഫുട്‌ബോള്‍ കളിക്കാരുടെ റഫാറന്‍സ് ആണ്. ജനിക്കുമ്പോള്‍ കിട്ടിയ കഴിവിലൂടെ വളര്‍ന്നവനല്ല റൊണാള്‍ഡോ. അദ്ദേഹം ഇപ്പോള്‍ ഈ നിലയില്‍ ആയത് അവന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പരിശ്രമം കൊണ്ടാണ്,’ സിക്കോ പറഞ്ഞു.
Content Highlight: Former Brazil Footballer Zico Talking About Cristiano Ronaldo