നിങ്ങൾക്ക് ടെസ്റ്റിൽ കളിക്കണമെങ്കിൽ ആ കാര്യം ചെയ്യൂ; ഇന്ത്യൻ താരത്തിന് നിർദേശവുമായി മുൻ കോച്ച്
Cricket
നിങ്ങൾക്ക് ടെസ്റ്റിൽ കളിക്കണമെങ്കിൽ ആ കാര്യം ചെയ്യൂ; ഇന്ത്യൻ താരത്തിന് നിർദേശവുമായി മുൻ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th July 2024, 2:04 pm

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് കളിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ബൗളിങ് പരിശീലകന്‍ പരാസ് മാംബ്രെ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അര്‍ഷ്ദീപ് അണ്ടര്‍ 19 കാലഘട്ടങ്ങളില്‍ കളിക്കുന്നത് മുതലേ ഞാന്‍ അവനെ കാണുന്നുണ്ട്. അവന്‍ കഴിവ് മെച്ചപ്പെടുത്തിയതിലും തന്റെ പ്രകടനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഞാന്‍ വളരെയധികം സന്തുഷ്ടനാണ്.

ടി-20യില്‍ പവര്‍ പ്ലേ ആണെങ്കിലും ഡെത്ത് ഓവര്‍ ആണെങ്കിലും അവന്‍ ബോള്‍ ചെയ്യുന്നത് വളരെ കൃത്യമായിട്ടാണ്. അതുകൊണ്ടുതന്നെ അവന്‍ ടി-20 ഫോര്‍മാറ്റില്‍ സ്ഥിരതയോടെ കളിച്ചുകൊണ്ട് ഏകദിനത്തിലേക്ക് മുന്നേറണം. നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ രഞ്ജി ട്രോഫി കളിക്കണം. ഒരു സീസണ്‍ മുഴുവനായും കളിച്ചാല്‍ നിങ്ങൾക്ക് കഴിവ് മെച്ചപ്പെടുത്താന്‍ സാധിക്കും,’ പരാസ് മാംബ്രെ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമായിരുന്നു അര്‍ഷ്ദീപ് സിങ്. 17 വിക്കറ്റുകള്‍ നേടിക്കൊണ്ടായിരുന്നു ഇന്ത്യന്‍ ഇടംകയ്യന്‍ പേസറുടെ മിന്നും പ്രകടനം.

ഇന്ത്യക്കായി 52 ടി-20 മത്സരങ്ങളില്‍ നിന്നും 79 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തില്‍ ആറ് മത്സരങ്ങള്‍ കളിച്ച അര്‍ഷ്ദീപ് പത്ത് വിക്കറ്റുകളും നേടി. ഇന്ത്യയ്ക്കായി രണ്ടു ഫോര്‍മാറ്റിലും മികച്ച ബൗളിങ് പ്രകടനങ്ങള്‍ നടത്തുന്ന താരത്തിന് ഇതുവരെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിട്ടില്ല.

നിലവില്‍ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കക്കെതിരെയുള്ള മൂന്നു വീതം ടി-20, ഏകദിന മത്സരങ്ങളുടെ പരമ്പരയാണ് ഉള്ളത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഇതിന് ശേഷം ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ പരമ്പരയില്‍ അര്‍ഷ്ദീപ് ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കളിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Former Bowling Coach Talks About Arshdeep Singh