ഒരു ടീം ഉണ്ടാക്കി വെച്ചിരിക്കുന്നു, ഇങ്ങനെ ആണോടോ ടീം സെലക്ട് ചെയ്യുന്നത്; ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് പരിശീലകന്‍
Sports News
ഒരു ടീം ഉണ്ടാക്കി വെച്ചിരിക്കുന്നു, ഇങ്ങനെ ആണോടോ ടീം സെലക്ട് ചെയ്യുന്നത്; ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th October 2022, 9:03 pm

ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡ് സെലക്ഷനെതിരെ പരസ്യവിമര്‍ശനവുമായി മുന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍.

പേസിനെ തുണക്കുന്ന ഓസീസ് പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായി എന്തിനാണ് പോയതെന്നും ഉമ്രാന്‍ മാലിക്കിനെ പോലെ വേഗത്തില്‍ പന്തെറിയുന്ന താരങ്ങളെ മാറ്റി നിര്‍ത്തിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

ഇത്രയധികം സ്പിന്നര്‍മാരെ ഇന്ത്യക്ക് ആവശ്യമില്ലെന്നും ഉമ്രാന്‍ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് സെലക്ഷന്‍ തെറ്റായി പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഉമ്രാന്‍ വളരെയധികം ആവേശഭരിതനാണ്. അവന് വേഗതയുണ്ട്. ശരിയായ തരത്തില്‍ ഫീല്‍ഡിങ് സജ്ജീകരിച്ചാല്‍ അവന് വിക്കറ്റ് നേടാന്‍ സാധിക്കും. ഐ.പി.എല്ലില്‍ അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ആവശ്യത്തിലധികം സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഉമ്രാനെ പോലെ ഒരാള്‍ ഇന്ത്യക്ക് മികച്ച ഉണര്‍വ് നല്‍കുമായിരുന്നു,’ അദ്ദേഹം പറയുന്നു.

‘ഓസീസ് പിച്ചില്‍ ബൗണ്‍സുണ്ട്. ടീമില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോള്‍ വഹിക്കാനുണ്ട്. എന്നിരുന്നാലും മൂന്ന് സ്പിന്നര്‍മാര്‍ അധികമാണെന്ന് ഞാന്‍ കരുതുന്നു. കാരണം ഏത് ഘട്ടത്തിലായാലും നിങ്ങള്‍ ഒറ്റ സ്പിന്നറെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

 

 

നിങ്ങള്‍ക്ക് രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു, എന്നാല്‍ മൂന്ന് സ്പിന്നര്‍മാര്‍ വളരെ അധികമാണ്. ഒരു സ്പിന്നര്‍ക്ക് പകരം നിങ്ങള്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തണമായിരുന്നു,’ഭരത് അരുണ്‍ പറയുന്നു.

അതേസമയം, ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

പെര്‍ത്തില്‍ വെച്ച് നടന്ന രണ്ടാം സന്നാഹമത്സരത്തിലായിരുന്നു വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇന്ത്യയെ അട്ടിമറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 132 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയക്കായി നിക് ഹോബ്സണും ഡി ആര്‍ക്കി ഷോര്‍ട്ടും അര്‍ധ സെഞ്ച്വറി സ്വന്തമാക്കി.

ഇന്ത്യക്കായി ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധാപൂര്‍വമാണ് തുടങ്ങിയത്. കെ.എല്‍. രാഹുലും റിഷബ് പന്തുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ബാറ്റിങ്ങില്‍ പന്ത് ഒരിക്കല്‍ക്കൂടി പരാജയമായപ്പോള്‍ മറുവശത്ത് നിന്നും രാഹുല്‍ ശ്രദ്ധാപൂര്‍വം ബാറ്റ് വീശി.

11 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായി പന്ത് പുറത്തായി. പിന്നാലെയെത്തിയ മറ്റ് ബാറ്റര്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഒരറ്റത്ത് നിന്നും പൊരുതിയ രാഹുല്‍ 55 പന്തില്‍ 74 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

ഒക്ടോബര്‍ 23ന് ഇന്ത്യ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നതിന് മുമ്പുള്ള ഈ തോല്‍വി ആരാധകരെ മാത്രമല്ല, മാനേജ്മെന്റിനെയും ഞെട്ടിച്ചിരിക്കുകയാണ്. സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത് മുതല്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്ന പോരായ്മകള്‍ ഇപ്പോള്‍ തലപൊക്കി തുടങ്ങിയിരിക്കുകയാണ്.

 

Content Highlight: Former bowling coach about India’s World Cup team selection