| Wednesday, 26th August 2020, 10:50 pm

സുശാന്ത് യാത്രയിലും പാര്‍ട്ടികളിലും വിലപിടിപ്പുള്ള ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നു: വെളിപ്പെടുത്തലുമായി മുന്‍ ബോഡിഗാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് വിലപിടിപ്പുള്ള ലഹരി പദാര്‍ത്ഥം സ്ഥിരമായി ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ മുന്‍ ബോഡിഗാര്‍ഡ് മുഷ്താഖ്. കാറില്‍ യാത്രചെയ്യുമ്പോഴും പാര്‍ട്ടികളിലും ഇത് ഉപയോഗിച്ച് കണ്ടിരുന്നതായും മുഷ്താഖ് പറഞ്ഞു. ഇന്ത്യാ ടുഡേ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുശാന്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ മുഷ്താഖ് ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് ഉപേക്ഷിക്കുന്നത്. പുറത്ത് നിന്നും വരുത്തിച്ച ലഹരിപദാര്‍ത്ഥമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നാണ് മുഷ്താഖ് പ്രതികരിച്ചത്.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് വിഭാഗം കേസ് അന്വേഷിക്കാനിക്കുന്നതിനിടെയാണ് മുന്‍ സുരക്ഷാ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.

നേരത്തെ സുശാന്ത് സിംഗ് രജ്പുത്ത് മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ റോള്‍ ചെയ്ത് കൊടുത്തിരുന്നുവെന്ന് വീട്ടുജോലിക്കാരന്‍ നീരജ് സിംഗ് വെളിപ്പെടുത്തിയിരുന്നു. മുംബൈ പൊലീസില്‍ നല്‍കിയ നീരജിന്റെ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകള്‍ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താന്‍ റോള്‍ ചെയ്ത് കൊടുക്കുമായിരുന്നുവെന്നും നീരജിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം സുശാന്തും റിയ ചക്രബര്‍ത്തിയും ആഴ്ചയില്‍ രണ്ട് ദിവസം സുഹൃത്തുകള്‍ക്കായി പാര്‍ട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ടെന്നും നീരജ് വെളിപ്പെടുത്തി.

ഇതേതുടര്‍ന്നാണ് സുശാന്തിന്റെ കേസില്‍ ലഹരി മാഫിയയുടെ പങ്ക് കൂടി അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക്സ് ഇടപെടുന്നത്.

ബോളിവുഡില്‍ താരങ്ങള്‍ കൊക്കൈന്‍ അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി ടീം കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

‘സിനിമാ മേഖലയില്‍ കൂടുതലായും കണ്ട് വരുന്നത് കൊക്കൈന്‍ ആണ്. എല്ലാ ഹൗസ് പാര്‍ട്ടികളിലും ഇത് യഥേഷ്ടം ഉപയോഗിച്ച് വരുന്നു. നല്ല വില വരുന്ന മയക്ക് മരുന്നുകളാണ് ഇവയെങ്കിലും നിങ്ങള്‍ ഈ പാര്‍ട്ടിയില്‍ ആദ്യമായി വരികയാണെങ്കില്‍ നിങ്ങള്‍ക്കിത് സൗജന്യമായി തരും. എം.ഡി.എം.എ ക്രിസ്റ്റലുകള്‍ വെള്ളത്തില്‍ കലക്കി നിങ്ങള്‍ക്ക് തരും. നിങ്ങളെ അറിയിക്കുക കൂടിചെയ്യാതെ,’ ടീം കങ്കണ പറഞ്ഞു.

നാര്‍ക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും കങ്കണ ഇതിന്റെ തുടര്‍ച്ചയായി വന്ന ട്വീറ്റില്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംരക്ഷണം ലഭിക്കുമെങ്കില്‍ നാര്‍ക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ കരിയര്‍ മാത്രമല്ല, ജീവന്‍ കൂടിയാണ് ഇവിടെ അപകടത്തിലാക്കുന്നത്. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങള്‍ അറിയാമായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്,’ടീം കങ്കണ ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former body guard of Sushanth Singh Rajput, says he was used drugs during journeys and parties

We use cookies to give you the best possible experience. Learn more