| Tuesday, 9th April 2024, 8:14 pm

ഹരിയാനയില്‍ ബി.ജെ.പിക്ക് മുഖത്തടി; മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ് കോണ്‍ഗ്രസിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡിഗഢ്: ഹരിയാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബിരേന്ദര്‍ സിങ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എം.എല്‍.എയും ബിരേന്ദര്‍ സിങിന്റെ പങ്കാളിയുമായ പ്രേമലതയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു.

നേരത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ ഇരുവരുടെയും മകന്‍ ബ്രിജേന്ദര്‍ സിങ്ങും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എ.ഐ.സി.സി ആസ്ഥാനത്തുവെച്ച് അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, പവന്‍ ഖേര തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ബിരേന്ദര്‍ സിങും പ്രേമലതയും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

നാല് ദശാബ്ദത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ബിരേന്ദര്‍ സിങ് പത്ത് വര്‍ഷം മുമ്പാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഗുസ്തി ഫെഡറേഷന് നേരെ സാക്ഷി മാലിക്കടക്കമുള്ള താരങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ബിരേന്ദര്‍ സിങ്ങും ബി.ജെ.പിയും അഭിപ്രായ ഭിന്നതയിലായി. നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബിരേന്ദര്‍ സിങ്ങിന് സീറ്റ് നിഷേധിച്ചതോടെ അഭിപ്രായ ഭിന്നത കടുത്തു.

ഒന്നാം എന്‍.ഡി.എ സര്‍ക്കാരില്‍ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറല്‍ ഡെവലപ്‌മെന്റ് എന്നീ വകുപ്പുകള്‍ ബിരേന്ദര്‍ സിങ് വഹിച്ചിരുന്നു.

Content Highlight: Former BJP Union Minister Birender Singh to Congress

Latest Stories

We use cookies to give you the best possible experience. Learn more