| Sunday, 17th March 2024, 7:08 pm

മുസ്‌ലിം വിരുദ്ധത വളർത്തുന്നത് യാതൊരു ഗുണവും ചെയ്യില്ല: സി.കെ. പത്മനാഭൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം വിരുദ്ധതയെ ചിലർ വളർത്തിക്കൊണ്ടുവരുന്നുണ്ടെന്നും അത് നമുക്ക് യാതൊരു ഗുണം ചെയ്യില്ലെന്നും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ.

മീഡിയവൺ ചാനലിന് വേണ്ടി പ്രമോദ് രാമന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സമുദായത്തെയും ഒഴിച്ച് നിർത്താൻ സാധ്യമല്ല. മുസ്‌ലിം വിരുദ്ധത ഇപ്പോൾ വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. അത് നമുക്ക് ഒരു ഗുണവും ചെയ്യില്ല.

ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാൻ പറ്റുമെന്നുള്ളതിൽ കവിഞ്ഞ് മുസ്‌ലിം വിരുദ്ധത നാടിന്റെ പുരോഗതിക്കും സാഹോദര്യത്തിനും യാതൊരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിം സമുദായം ഭാരതത്തിലെ ദേശീയതയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

‘ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാൻ പറ്റുമെന്നുള്ളതിൽ കവിഞ്ഞ് നമ്മുടെ നാടിന്റെ പുരോഗതിക്കും സാഹോദര്യത്തിനും സൗഹാർദപരമായ ജീവിതത്തിനും ഒരു ഗുണവും ചെയ്യാത്തതാണ് മുസ്‌ലിം വിരുദ്ധത.

ഭീകരവാദത്തിനെതിരായിട്ട് നമ്മൾ വളരെ ശക്തമായി നിലനിൽക്കണം. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ മുസ്‌ലിം സമുദായം ഭാരതത്തിലെ ദേശീയതയുടെ അവിഭാജ്യ ഘടകമാണ്. അതാണ് ഞാൻ പഠിച്ചിട്ടുള്ളതും മനസിലാക്കിയിട്ടുള്ളതും.

എന്റെ ഹിന്ദുത്വം എന്ന് പറയുന്നത് സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയുമാണ്.

നമ്മുടെ രാഷ്ട്രത്തിന്റെ ശക്തി രാഷ്ട്രത്തിന്റെ ഏകതയും സൗന്ദര്യം എന്ന് പറയുന്നത് ഇവിടുത്തെ ബഹുസ്വരതയുമാണ്,’ സി.കെ. പത്മനാഭൻ പറഞ്ഞു.

പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ടുപോകുന്നതാണ് കേരളത്തിന്റെ പാരമ്പര്യം എന്നും അത് തകർക്കുന്ന സിദ്ധാന്തം ആര് കൊണ്ടുവന്നാലും അവർ പിന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് മുക്ത ഭാരതത്തിനു പകരം കോൺഗ്രസ് മുക്ത ബി.ജെ.പിക്കായി പോരാടേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൻ.ഡി.എയുടെ കാസർഗോഡ് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷന്റെ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് പത്മജ നിലവിളക്ക് കൊളുത്തുമ്പോൾ പത്മനാഭൻ കസേരയിൽ നിന്ന് എഴുന്നേറ്റിരുന്നില്ല. പത്മജയുടെ പ്രസംഗം തീരുന്നതിനു മുമ്പ് വേദി വിട്ടിറങ്ങുകയും ചെയ്തിരുന്നു.

Content Highlight: Former BJP state president says growing Anti-muslim ideology won’t do any good

We use cookies to give you the best possible experience. Learn more