| Monday, 29th August 2022, 8:05 am

'രാമ സേതു'; അക്ഷയ് കുമാറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമടക്കമുള്ളവര്‍ക്ക് നോട്ടീസയച്ച് ബി.ജെപി എം.പി സുബ്രഹ്മണ്യന്‍ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘രാമ സേതു’ (Ram Setu) സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും നോട്ടീസയച്ച് ബി.ജെ.പിയുടെ മുന്‍ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി.

ചിത്രത്തിലെ അഭിനേതാക്കളായ അക്ഷയ് കുമാര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത് ബരുച എന്നിവര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമാണ് ബി.ജെ.പി നേതാവ് ഞായറാഴ്ച ലീഗല്‍ നോട്ടീസയച്ചത്.

അഭിഭാഷകന്‍ സത്യ സബര്‍വാള്‍ മുഖേനയാണ് നോട്ടീസയച്ചത്.

രാമ സേതു വിഷയത്തില്‍ താന്‍ മാത്രമാണ് വിവിധ കോടതികളെ സമീപിച്ചിട്ടുള്ളതെന്നും കോടതി നടപടികള്‍ സിനിമയില്‍ ചിത്രീകരിക്കുകയാണെങ്കില്‍, യഥാര്‍ത്ഥ വസ്തുതകള്‍ ശരിയായ രീതിയില്‍ അവതരിപ്പിച്ചാല്‍ താന്‍ അതിന് അനുമതി നല്‍കുമെന്നും സ്വാമി നോട്ടീസില്‍ പറയുന്നു.

‘മുന്‍ സര്‍ക്കാരുകള്‍ തകര്‍ത്ത രാമ സേതു സംരക്ഷിക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ് കോടതി നടപടികള്‍. പ്രസ്തുത സിനിമയില്‍ അത് ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കില്‍, കോടതി നടപടികള്‍ക്ക് വിധേയമായി എന്റെ ക്ലയന്റ് (സുബ്രഹ്മണ്യന്‍ സ്വാമി) സിനിമക്ക് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്, എന്റെ ക്ലയന്റ് ഇക്കാര്യത്തില്‍ അംഗീകരിക്കപ്പെടേണ്ടതാണ്,” നോട്ടീസില്‍ പറയുന്നു.

മുന്‍കാലങ്ങളില്‍ സംഭവിച്ച കാര്യങ്ങളുടെ തെറ്റായ ചിത്രീകരണം തടയുന്നതിന് വേണ്ടി, രാമ സേതുവുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായി, സിനിമയുടെ തിരക്കഥ താനുമായി പങ്കുവെക്കണമെന്നും സിനിമയുടെ നിര്‍മാതാക്കളോട് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്, സിനിമയുടെ ഓപ്പണിങ് ക്രെഡിറ്റില്‍ തന്റെ സംഭാവന അടയാളപ്പെടുത്തണമെന്നും വസ്തുതകള്‍ കൃത്യമാണെന്ന് സ്ഥിരീകരിക്കാന്‍ റിലീസിന് മുമ്പ് സിനിമ കാണാന്‍ തന്നെ ക്ഷണിക്കണമെന്നും സ്വാമി നോട്ടീസില്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുന്നുണ്ട്.

രാമ സേതു പാലം ഒരു മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാന്‍ പുറപ്പെടുന്ന പുരാവസ്തു ഗവേഷകനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ.

നേരത്തെ രാമ സേതുവിനെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. സിനിമ രാമ സേതു വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം.

രാമ സേതുവിന് ദേശീയ പൈതൃക പദവി നല്‍കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു.

ശ്രീലങ്കന്‍ തീരമായ മാന്നാര്‍ ദ്വീപിനും തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനും ഇടയിലുള്ള ലൈംസ്റ്റോണ്‍ പറ്റങ്ങളുടെ നിരയെയാണ് ‘രാമ സേതു’ എന്ന് വിശേഷിപ്പിക്കുന്നത്.

Content Highlight: Former BJP MP Subramanian Swamy sends legal notice to actors and makers of ‘Ram Setu’ movie including Akshay Kumar

We use cookies to give you the best possible experience. Learn more