മോദിക്ക് വോട്ട് നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥൻമാരെ ഓഫീസിലിരുത്തില്ലെന്ന് മുന്‍ ബി.ജെ.പി എം.പി
national news
മോദിക്ക് വോട്ട് നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥൻമാരെ ഓഫീസിലിരുത്തില്ലെന്ന് മുന്‍ ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2024, 8:33 am

ജയ്പുര്‍: നരേന്ദ്ര മോദിക്ക് വോട്ട് നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം ജോലി ചെയ്യാനോ ഓഫീസിലിരിക്കാനോ അവകാശമില്ലെന്ന് രാജസ്ഥാനിലെ ബി.ജെ.പി മുന്‍ എം.പി സന്തോഷ് അഹ്ലാവത്.

ശനിയാഴ്ച സൂരജ്ഗട്ടില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മുന്‍ വനിതാ എം.പി ഈ വിവാദ പരാമര്‍ശം നടത്തിയത്. ബാഗ്രി ഭാഷയിലായിരുന്നു അഹ്‌ലാവത് പ്രവര്‍ത്തകരോട് സംസാരിച്ചത്.

‘സര്‍ക്കാര്‍ ഓഫീസിലെ കസേരയില്‍ ഇരിക്കുന്ന ആര്‍ക്കും എന്റെ പ്രവര്‍ത്തകരെയോ വോട്ടര്‍മാരെയോ ഉപദ്രവിക്കാന്‍ സാധിക്കില്ല. ഞാന്‍ അത് ഉറപ്പ് നല്‍കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കി പെരുമാറണം. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ബാഗ് പാക്ക് ചെയ്‌തോളു. അഞ്ച് വര്‍ഷത്തേക്ക് നിങ്ങളെ സൂരജ്ഗട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.

ഈ കാര്യം ഗ്രാമത്തില്‍ മുഴുവന്‍ പറയണം. കാരണം ഇങ്ങനെയൊന്നും സംസാരിക്കരുതെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് സൂരജ്ഗട്ടിലെ ഒരു സര്‍ക്കാര്‍ ഓഫീസിലും ഇരുന്ന് അവരുടെ ജോലി ചെയ്യാന്‍ അവകാശമില്ലെന്ന് ഞാന്‍ വീണ്ടും പറയുന്നു,’ അഹ്‌ലാവത് പറഞ്ഞു.

അഹ്‌ലാവതിന്റെ പരാമര്‍ശത്തിന് പിന്നാലെ സൂരജ്ഗട്ടിലെ കോണ്‍ഗ്രസ് എം.എല്‍.എ ശര്‍വാന്‍ കുമാര്‍ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ നടപടി എടുക്കാത്തതെന്ന് ശര്‍വാന്‍ കുമാര്‍ ചോദിച്ചു.


പിന്നാലെ അഹ്‌ലാവതിന്റെ ഈ പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത് ജനാധിപത്യമാണോ അതോ രാജവാഴ്ചയാണോയെന്നും ശര്‍വാന്‍ കുമാര്‍ ചോദിച്ചു. താന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2014ലായിരുന്നു അഹ്‌ലാവത് ജുന്‍ജുനുവില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ബി.ജെ.പി ഇവരെ 2019ല്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാതെ ഒഴിവാക്കിയിരുന്നു.

ഏപ്രില്‍ 19, 26 തീയതികളില്‍ രണ്ട് ഘട്ടമായാണ് രാജസ്ഥാനില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തിലാണ് ജുന്‍ജുനുവില്‍ തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Former Bjp Mp Santosh Ahlawat Threatened Govt Employees To Vote For Modi