ജയ്പൂര്‍: രാജസ്ഥാനില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയും നിരവധി പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2013-2018ല്‍ ധുന്‍ഘര്‍പൂരില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന ദേവേന്ദ്ര കത്താരയും അനുയായികളുമാണ് ബി.ജെ.പി വിട്ടിരിക്കുന്നത്.
എ.എ.പിയുടെ സംസ്ഥാന ഓഫീസിലെത്തി കത്താരയുടെ നേതൃത്വത്തിലുള്ള സംഘം അംഗത്വം സ്വീകരിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധതയും പ്രവര്‍ത്തനങ്ങളുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് ദേവേന്ദ്ര കത്താര പറഞ്ഞു.
ധുന്‍ഘര്‍പൂരിലെ ഗോത്രവിഭാഗങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘ധുന്‍ഘര്‍പൂരിലെ ഗോത്രവിഭാഗങ്ങളെ ബി.ജെ.പി ഉപദ്രവിച്ചു. അവരെ നക്‌സലൈറ്റുകളെന്ന് വിളിച്ചു, മുദ്രകുത്തി. ഞാന്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും,’ ദേവേന്ദ്ര കത്താര പറഞ്ഞു.
ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കാനുള്ള ധൈര്യം തങ്ങള്‍ക്ക് മാത്രമേയുള്ളൂവെന്ന് എ.എ.പി സംസ്ഥാന അധ്യക്ഷന്‍ വിനയ് മിശ്ര പറഞ്ഞു. ‘രാജസ്ഥാനിലെ ജനങ്ങളുടെ ശബ്ദമായി മാറിക്കൊണ്ട് മികച്ച മുന്നേറ്റമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. വരുന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ ചരിത്രനേട്ടം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,’ വിനയ് മിശ്ര പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെയായിരിക്കും രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ നിരന്തര തലവേദനയാണ്. അതേസമയം ഭാരത് ജോഡോ യാത്രയോടെ സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടുമായുള്ള തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക പരിസമാപ്തി വന്നിരുന്നു.
2018ല്‍ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പിയും ഊര്‍ജിതമാക്കിയിട്ടുണ്ട്. പക്ഷെ, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ പോസ്റ്ററുകളില്‍ നിന്നും ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം വെച്ചിട്ടുണ്ട്. പോസ്റ്ററിലല്ല ജനങ്ങളുടെ ഹൃദയത്തിലാണ് തന്റെ സ്ഥാനമെന്നായിരുന്നു വസുന്ധര രാജയുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെ ഉള്‍പ്പാര്‍ട്ടി പോരുകള്‍ മുതലാക്കാന്‍ കൂടിയായിരിക്കും ആം ആദ്മി പാര്‍ട്ടി ശ്രമിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
Content Highlight: Former BJP MLA Devendra Katara joins AAP in Rajasthan