കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ നേരിടും; ബി.ജെ.പി ഇത്രയും കാലം എന്നെ തട്ടിക്കളിച്ചു; ഇത്തവണ പന്ത് എന്റെ കോര്‍ട്ടിലെത്തി: ജനാര്‍ദ്ധന്‍ റെഡ്ഡി
national news
കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ നേരിടും; ബി.ജെ.പി ഇത്രയും കാലം എന്നെ തട്ടിക്കളിച്ചു; ഇത്തവണ പന്ത് എന്റെ കോര്‍ട്ടിലെത്തി: ജനാര്‍ദ്ധന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2023, 2:02 pm

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ നേരിടാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി മുന്‍ നേതാവും ടൂറിസം മന്ത്രിയുമായിരുന്ന ജനാര്‍ദ്ധന്‍ റെഡ്ഡി. ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്രയും കാലം തന്നെവെച്ച് പന്താടുകയായിരുന്നെന്നും അവസാനം പന്ത് തന്റെ കോര്‍ട്ടിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത് ബി.ജെ.പി വോട്ടുകളില്‍ വിള്ളലുണ്ടാക്കാനാണെന്ന ആരോപണം നിലനില്‍ക്കെയാണ് നിലപാട് വ്യക്തമാക്കി ജനാര്‍ദ്ധന്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റെഡ്ഡിയുടെ പരാമര്‍ശം.

‘ബി.ജെ.പി വോട്ട് വിഭജിക്കാനുള്ള തന്ത്രമാണ് എന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം എന്ന വാദം തെറ്റാണ്. ഇതെന്റെ വ്യക്തിപരമായ പോരാട്ടമാണ്. കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ഒരുപോലെ മത്സരിക്കാനാണ് ഞങ്ങളുടെ തീരുമാനം. 55 സ്ഥാനാര്‍ത്ഥികളെ ഇതിനോടകം ഞങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

ഞങ്ങളുമായി സഹകരിക്കുന്ന പാര്‍ട്ടികള്‍ക്ക് പിന്തുണ കൊടുക്കാന്‍ തയ്യാറാണ്. മന്ത്രിയെന്ന നിലയിലും എം.എല്‍.എയെന്ന നിലയിലും ഇത്രയും കാലം ഞാന്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം കണ്ട് ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യും.

എന്റെ പാര്‍ട്ടിയുടെ ചിഹ്നം ഫുട്‌ബോളാണ്. അതുപോലെ ആയിരുന്നു ഇത്രയും കാലത്തെ എന്റെ രാഷ്ട്രീയ ജീവിതവും. ഒരു പന്ത് പോലെ എന്നെ എല്ലാവരും തട്ടിക്കളിച്ചു. എന്റെ സ്വന്തം പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളുമുള്‍പ്പെടെ എന്നെ വെച്ച് പന്താടി. ഇപ്പോള്‍ ഞാനും തെരഞ്ഞെടുപ്പിന്റെ മൈതാനത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. പന്തിപ്പോള്‍ എന്റെ കോര്‍ട്ടിലാണ്,’ ജനാര്‍ദ്ധന്‍ റെഡ്ഡി പറഞ്ഞു.

2008 കാലഘട്ടത്തില്‍ കര്‍ണാടകയിലെ ടൂറിസം മന്ത്രിയായിരുന്ന ജനാര്‍ദ്ധന്‍ റെഡ്ഡി അനധികൃത ഖനന അഴിമതിക്കേസിലാണ് സ്ഥാനം നഷ്ടമായി പുറത്താവുന്നത്. സമാന കേസില്‍ 2011ല്‍ ഇദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2015ല്‍ ജാമ്യം നേടി പുറത്തിറങ്ങിയ റെഡ്ഡി തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

കല്യാണ രാജ്യ പ്രഗതി പക്ഷമെന്ന പാര്‍ട്ടി ഇത്തവണ 55 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. തന്റെ സിറ്റിങ് സീറ്റായ ബെല്ലാരി വിട്ട് ഗംഗാവതിയിലാണ് ജനാര്‍ദ്ധന്‍ റെഡ്ഡി ഇത്തവണ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. നാമനിര്‍ദേശ പത്രിക സമയത്ത് സമര്‍പ്പിച്ച സത്യവാങ് മൂലത്തിലെ കണക്ക് പ്രകാരം 19 കേസുകളാണ് റെഡ്ഡിക്കെതിരെ നിലവിലുള്ളത്.

അതിനിടെ തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമാണ് ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ വാദം. ഖനന അഴിമതിക്കേസില്‍ നാല് വര്‍ഷം തടവിലിട്ടതും വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: former bjp minister janarhdan reddy talk about karnataka elaction