മുംബൈ: വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ ബി.ജെ.പി നേതാവും തെലങ്കാന എം.എല്‍.എയുമായ ടി. രാജയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഛത്രപതി ശിവജിയുടെ ജന്മദിനമായ ഫെബ്രുവരി 19ന് നടത്തിയ വിദ്വേഷ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് നടപടി.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഹിന്ദു ജനആക്രോശ് മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു സംഭവം.
ടി. രാജയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
2022ല്‍ ടി. രാജ സമാന രീതിയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രവാചകനെതിരെയും മതത്തിനെതിരേയും വിദ്വേഷം പ്രചരിപ്പിച്ചത് വിവാദമായതോടെയാണ് ബി.ജെ.പി ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്.
കഴിഞ്ഞ ദിവസം സോളാപൂരില്‍ നടന്ന ചടങ്ങിലും ടി. രാജ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുസ്‌ലിങ്ങള്‍ ഹിന്ദു സ്ത്രീകളെ വലയിലാക്കുകയാണ്. കുട്ടികളെ ഉത്പാദിപ്പിക്കുന്ന ‘മെഷീനാ’കാന്‍ ഹിന്ദു സ്ത്രീകള്‍ വിസമ്മതിക്കുന്നതോടെ അവരെ കൊന്നുതള്ളുന്നു.
അവരെ കൊല്ലാനോ മരിക്കാനോ ഞങ്ങള്‍ക്ക് ഭയമില്ലെന്നും ഛത്രപതി ശിവാജിയുടെ ജന്മദിനം ആഘോഷിക്കാത്ത, വന്ദേമാതരം പാടാത്ത ആരില്‍ നിന്നും ഒരു രൂപ പോലും വാങ്ങരുതെന്നും രാജ കൂട്ടിച്ചേര്‍ത്തു.
ശിവജിയും അഫ്‌സല്‍ ഖാനും സഹോദരങ്ങളാകുമോ? പശുവിനെ വന്ദിക്കുന്നവനും കൊല്ലുന്നവനും സഹോദരങ്ങളാകാന്‍ കഴിയുമോ? ഹിന്ദുക്കള്‍ വന്ദേ മാതരം പാടുമ്പോള്‍ മുസ്‌ലിങ്ങള്‍ അത് എതിര്‍ക്കുകയാണ്. പിന്നെ എങ്ങനെ തങ്ങള്‍ സഹോദരങ്ങളാകുമെന്നും ടി.രാജ ചോദിക്കുന്നു.
മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങളുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ മാറ്റിയിട്ടുള്ളൂവെന്നും വരും കാലങ്ങളില്‍ കൂടുതല്‍ പേരുകള്‍ മാറ്റുമെന്നും രാജ പറയുന്നുണ്ട്. മുസ്‌ലിം പേരുകളെല്ലാം മാറ്റുമെന്നും രാജ കൂട്ടിച്ചേര്‍ത്തു.
Content Highlight: former bjp leader booked for spreading hate speech