| Sunday, 28th January 2024, 7:11 pm

കളി ഇനിയും അവസാനിച്ചിട്ടില്ല; ഞാന്‍ എഴുതി നല്‍കാം 2024ല്‍ ജെ.ഡി.യു അവസാനിക്കും: തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: 2024ഓടെ ജെ.ഡി.യു അവസാനിക്കുമെന്ന് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. താന്‍ എഴുതി നല്‍കാം ഈ വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് ജെ.ഡി.യു എന്ന പാര്‍ട്ടി അവസാനിക്കുമെന്നാണ് തേജസ്വി യാദവ് പറഞ്ഞത്.

കളി ഇനിയും ബാക്കിയുണ്ടെന്നും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി വ്യക്തമാക്കി. നിതീഷ് കുമാര്‍ ഒരു തളര്‍ന്ന മുഖ്യമന്ത്രിയാണെന്നും ബീഹാറിലെ ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറി ജെ.ഡി.യു നേതാവായ നിതീഷ് കുമാര്‍ സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് തേജസ്വിന്റെ പ്രതികരണം.

ബി.ജെ.പിക്കെതിരെ ഇന്ത്യാ മുന്നണിയെ നയിക്കാന്‍ മുന്നില്‍ നിന്ന ആളാണ് നിതീഷ്‌കുമാര്‍. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ പരിഗണിച്ചിരുന്ന അദ്ദേഹത്തിന്റെ കൂടുമാറ്റം വലിയ ആഘാതമാണ് ഇന്ത്യ മുന്നണിയില്‍ സൃഷ്ടിക്കുക.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് നിതീഷ് കുമാര്‍ രാജിവെച്ച് മുന്നണി വിടുന്നത്. നേരത്തെ ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ബി.ജെ.പി തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണ് എന്ന് ആരോപിച്ച് രാജിവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ എട്ടാമത്തെ രാജി കൂടിയാണിത്.

243 നിയമസഭാംഗങ്ങള്‍ ഉള്ള ബീഹാര്‍ നിയമസഭയില്‍ ആര്‍.ജെ.ഡിക്ക് 79ഉം, ബി.ജെ.പിക്ക് 78ഉം, ജെ.ഡി.യുവിന് 45ഉം, കോണ്‍ഗ്രസിന് 19ഉം സി.പി.ഐ (എം.എല്‍) 12, സി.പി.ഐ.എമ്മിനും സി.പി.ഐക്കും രണ്ടുവീതവും, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍)ക്ക് 4 സീറ്റും, എ.ഐ.എം.ഐ.എമ്മിന് ഒരു സീറ്റുമാണ് ഉള്ളത്. കൂടാതെ ഒരു സ്വതന്ത്ര നിയമസഭാംഗവും ഉണ്ട്.

Content Highlight: Former Bihar Deputy Chief Minister Tejaswi Yadav says JDU will end by 2024

We use cookies to give you the best possible experience. Learn more