ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതുസ്ഥാനാര്‍ത്ഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ മത്സരിപ്പിക്കുന്ന കാര്യം പ്രതിപക്ഷ പരിഗണനയില്‍. മുന്‍ ബംഗാള്‍ ഗവര്‍ണറും നയതന്ത്രജ്ഞനുമായ ഗോപാല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചയാളാണ്.
ഗാന്ധിസത്തിന്റെ ശക്തനായ വക്താവ് കൂടിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ ഈ ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ സമീപിച്ചിട്ടുണ്ട്. പ്രാഥമികമായ ചര്‍ച്ചകള്‍ മാത്രമേ നടന്നിട്ടള്ളുവെന്നും കൂടുതല്‍ പറയാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരിനൊപ്പം മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീര കുമാറിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് നോമിനിയായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിപക്ഷകക്ഷികള്‍ക്കുള്ള എതിര്‍പ്പ് മീര കുമാറിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ശരത് യാദവ്, ശരദ് പവാര്‍ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നുവെങ്കിലും യെച്ചൂരിയും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതോടെ ചര്‍ച്ച രണ്ട് പേരുകളിലേക്ക് മാത്രമായി ചുരുങ്ങി.
ആര്‍.എസ്.എസ് പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥിയെയാണ് ഭരണപക്ഷം നിര്‍ത്തുന്നതെങ്കില്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയായിരിക്കും അനുയോജ്യനായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്ന് പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി നിര്‍ത്തുന്നത് ആരെയാണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, തവര്‍ചന്ദ് ഗെഹ്ലോട്ട് എന്നീ പേരുകള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.