| Thursday, 8th August 2024, 10:53 am

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ബംഗാളിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘനാളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ 2000 മുതല്‍ 2011 വരെ തുടര്‍ച്ചയായി 11 വര്‍ഷം അധികാരത്തിലിരുന്ന രണ്ടാമത്തേയും അവസാനത്തേയും സി.പി.ഐ.എം മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളില്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി 2000ല്‍ ആണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്.

2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. എന്നാല്‍ 2011ല്‍ അദ്ദേഹം കനത്ത പരാജയം നേരിട്ടു.

ഉത്തര കൊല്‍ക്കത്തയില്‍ 1944 മാര്‍ച്ച് 1നു ജനിച്ച ബുദ്ധദേവ് പ്രസിഡന്‍സി കോളജില്‍നിന്നു ബിരുദം നേടി.

1968ല്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ (D.Y.F.I)ബംഗാള്‍ സെക്രട്ടറിയായ അദ്ദേഹം 1971ല്‍ സി.പി.ഐ.എം സംസ്ഥാനകമ്മിറ്റി അംഗവും 1985ല്‍ കേന്ദ്ര കമ്മിറ്റി അംഗവുമായി.

ഇടതുമുന്നണി ബംഗാള്‍ ഭരണം പിടിച്ചെടുത്ത 1977ല്‍ കോസിപുരില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ല്‍ പരാജയപ്പെട്ടെങ്കിലും അതേവര്‍ഷം തന്നെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി.

1987-96 കാലത്തു വാര്‍ത്താവിനിമയ, സാംസ്‌കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു.

2000 ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ്, നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നു മുഖ്യമന്ത്രിയായി.

2006-11 കാലത്ത് പശ്ചിമബംഗാളില്‍ വ്യവസായങ്ങള്‍ക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കള്‍ നടപടി ജനങ്ങളില്‍ എതിര്‍പ്പുണ്ടാക്കി. ഇത് ബുദ്ധദേവ് സര്‍ക്കാരിനെതിരായ ജനരോഷം ഉടലെടുക്കാനും കാരണമായി.

സിംഗൂര്‍, നന്ദിഗ്രാം, മിഡ്‌നാപുര്‍ വിഷയങ്ങള്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം എക്കാലത്തേയും വലിയ തിരിച്ചടി നേരിട്ടു. 40 സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങി. ജാദവ്പുരില്‍ ബുദ്ധ്‌ദേവ് പരാജയപ്പെട്ടു.

2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.ബിയില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങി. സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബുദ്ധദേവിനെ സി.ഒ.പി.ഡി. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും അലട്ടുന്നുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. 2019-ലാണ് അദ്ദേഹം അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more