ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയുന്നത്. പല വിവാദങ്ങളും മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനും ഉടമയും തമ്മിലുള്ള ബന്ധം സൃഷ്ടിച്ചിട്ടുണ്ട്. ധോണിയും ശ്രീനിവാസനും തമ്മിലുള്ള ബന്ധത്തെ ആഴം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരികയാണ്.
2012 ല്‍ ധോണിയെ ടീമില്‍ നിന്നും പുറത്താക്കാന്‍ നാഷണല്‍ സെലക്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ് തീരുമിച്ചിരുന്നു. എന്നാല്‍ അന്ന് ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ശ്രീനിവാസന്‍ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടയുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രജ്ദീപ് സര്‍ദ്ദേശായിയുടെ പുതിയ പുസ്തകമായ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
” അതെ, ശരിയാണ്. ധോണിയെ നായകസ്ഥാനത്തു നിന്നും പുറത്താക്കാനുള്ള തീരുമാനത്തെ ഞാന്‍ വീറ്റോ ചെയ്തു. ലോകകപ്പ് നേടി തന്ന നായകനെ ഒരു വര്‍ഷത്തിനകം എങ്ങനെ പുറത്താക്കും? ” ശ്രീനിവാസന്‍ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. നിങ്ങളതിനെ പ്രത്യേക താല്‍പര്യമെന്നായിരിക്കും വിളിക്കുക, എന്നാല്‍ ഞാന്‍ വിളിക്കുക ടോപ്പ് ക്ലാസ് ക്രിക്കറ്ററോടുള്ള ബഹുമാനം എന്നാണെന്നും ശ്രീനിവാസന്‍ പറയുന്നു.
“അദ്ദേഹത്തിന്റെ കളിയെ ഞങ്ങള്‍ അംഗീകരിച്ചു. തിരിച്ച് അദ്ദേഹം ബഹുമാനം തന്നു. അതിലെന്താണ് തെറ്റുള്ളത്.?” ശ്രീനിവാസന്‍ ചോദിക്കുന്നു. ശ്രീനിവാസനെ പ്രതിരോധിച്ച് ധോണിയും രംഗത്തെത്തിയതായും പുസ്തകത്തില്‍ പറയുന്നു.
ആളുകള്‍ പറയുന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും ക്രിക്കറ്റ് താരങ്ങളെ സഹായിക്കുന്നയാളാണ് ശ്രീനിവാസന്‍ എന്നും ധോണി പറഞ്ഞതായാണ് പുസ്തകത്തില്‍ പറയുന്നത്.
ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തിന് പിന്നാലെ ധോണിയ്‌ക്കെതിരേയും ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദവും സംശയത്തിന്റെ നിഴലിലായത്.